രാജസ്ഥാനില്‍ അംഗന്‍വാടിയില്‍ ജോലി വാഗ്ദാനം ചെയ്ത് 20 സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

ജയ്പൂര്‍ : അംഗന്‍വാടിയില്‍ ജോലി വാഗ്ദാനം ചെയ്ത് 20 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. സിരോഹി മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, മുന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ കമ്മീഷണര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

പാലി ജില്ലയില്‍ നിന്നുള്ള സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സിരോഹി മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മഹേന്ദ്ര മേവാഡ, മുന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ കമ്മീഷണര്‍ മഹേന്ദ്ര ചൗധരി എന്നിവര്‍ അംഗന്‍വാടിയില്‍ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയായിരുന്നു. അംഗന്‍വാടിയിലെ ജോലിക്കായി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മറ്റ് സ്ത്രീകളുമൊത്ത് താന്‍ സിരോഹിയില്‍ എത്തിയത്. ഭക്ഷണവും താമസിക്കാന്‍ സ്ഥലവും പ്രതികള്‍ ഏര്‍പ്പാടാക്കി നല്‍കാമെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് ഇവരെ കാണാനെത്തി. എന്നാല്‍ ഭക്ഷണത്തില്‍ മയക്കമരുന്ന് കലര്‍ത്തി മയക്കിയ ശേഷം തങ്ങളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിക്കാരി ആരോപിച്ചു. ബോധം തെളിഞ്ഞപ്പോള്‍ പ്രതികള്‍ തന്നെയാണ് കുറ്റസമ്മതം നടത്തിയത്. ഇരുവരും തങ്ങളെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Top