എംഎസ്എഫിനെതിരായ ഹരിത നേതാക്കളുടെ പരാതി പിന്‍വലിക്കും

മലപ്പുറം: എംഎസ്എഫിനെതിരായ ഹരിത നേതാക്കളുടെ പരാതി പിന്‍വലിക്കും. എംഎസ്എഫ് നേതാക്കളെ ലീഗ് മാറ്റി നിര്‍ത്തുമെന്നും ഹരിത വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നാണ് ഒത്തുതീര്‍പ്പ് ധാരണ. ഇന്നലെ രാത്രി മുസ്ലീം ലീഗ് നേതാക്കള്‍ ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസുമായും ഹരിത സംസ്ഥാന ഭാരവാഹികളുമായി മലപ്പുറത്ത് ലീഗ് ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ച. ചര്‍ച്ച അര്‍ധരാത്രി വരെ നീണ്ടു. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഹരിത നേതാക്കളോട് ആവര്‍ത്തിച്ചു. ആദ്യം വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വം ഹരിതയോട് ആവശ്യപ്പെട്ടു. ഒടുവില്‍ സമവായത്തിലെത്തുകയായിരുന്നു.

സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു പരാതി.

 

Top