ദുരിതാശ്വാസനിധി അനുവദിക്കുന്നതില്‍ പക്ഷഭേദം കാണിച്ചെന്ന് പരാതി; ഫയലുകള്‍ ആവശ്യപ്പെട്ട് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനുവദിക്കുന്നതില്‍ പക്ഷപാതിത്വം കാണിച്ചെന്ന പരാതിയില്‍ ഫയലുകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവിട്ടു.

ഹര്‍ജിയില്‍ 11-ന് വീണ്ടും വാദം കേള്‍ക്കും. ഏഴിന് ഫയലുകള്‍ ഹാജരാക്കണം. മന്ത്രിസഭ എടുക്കുന്ന ഏതു തീരുമാനവും കോടതികളുടെ പരിശോധനയ്ക്കുപോലും വിധേയമാക്കേണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ലോകായുക്ത പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാര്‍ക്കെതിരേ ആര്‍.എസ്. ശശികുമാറാണ് ഹര്‍ജി നല്‍കിയത്. എന്‍.സി.പി. നേതാവ് അന്തരിച്ച ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം നല്‍കി. ചെങ്ങന്നൂര്‍ എം.എല്‍.എ. ആയിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് കുടുംബത്തിന്റെ സ്വര്‍ണപ്പണയ വായ്പ ഉള്‍പ്പെടെയുള്ള ബാധ്യതതീര്‍ക്കാനും മകന് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കുള്ള സര്‍ക്കാര്‍ജോലി നല്‍കാനും തീരുമാനിച്ചു.

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഗണ്‍മാന്‍ അകമ്പടി വാഹനമിടിച്ച് മരിച്ചപ്പോള്‍ നിയമാനുസൃതമുള്ള ആനുകൂല്യങ്ങള്‍ക്കു പുറമേ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കി. ഇതെല്ലാം ചോദ്യംചെയ്താണ് ഹര്‍ജി നല്‍കിയത്.

ഹര്‍ജി പരിഗണനയിലിരിക്കേ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പരമാവധി മൂന്നുലക്ഷം രൂപമാത്രമേ കൊടുക്കാനാവൂ എന്നിരിക്കേ ഇത്രയുംവലിയ സഹായം വിതരണംചെയ്തത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം.

മന്ത്രിസഭയ്ക്ക് ഇതില്‍ക്കൂടുതല്‍ തുക നല്‍കാനുള്ള തീരുമാനം എടുക്കാമെന്നും മന്ത്രിസഭാതീരുമാനം അന്തിമമാണെന്നും അത് ചോദ്യംചെയ്യാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. ഇത് ലോകായുക്ത അംഗീകരിച്ചില്ല. സഹായം അനുവദിക്കുമ്പോള്‍ അതിന് അര്‍ഹതയുണ്ടോയെന്നും കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി നോക്കേണ്ടതല്ലേയെന്നും ലോകായുക്ത ചോദിച്ചു.

സഹായം അനുവദിച്ചതിന്റെ മാനദണ്ഡം, മന്ത്രിസഭ കൂടുതല്‍ തുക അനുവദിക്കണമെന്ന് അപേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നോ എന്നിവയൊക്കെ പരിശോധിക്കാനാണ് കൂടുതല്‍ ഫയലുകള്‍ ആവശ്യപ്പെട്ടത്.

 

Top