Complaint lodged against AIMIM chief Owaisi, demand arrest

ഹൈദരാബാദ്:എന്‍.ഐ.എ പിടികൂടിയ ഭീകരര്‍ക്ക് നിയമ സഹായം നല്‍കുമെന്ന് എ.ഐ.എം.ഐ.എം മേധാവിയും ഹൈദരാബാദ് എം.പിയുമായ അസാസുദ്ദീന്‍ ഒവൈസിക്കെതിരെ പൊലീസിന് പരാതി ലഭിച്ചു.

അഭിഭാഷകനായ കെ.കരുണ സാഗറാണ് ഹൈദരാബാദിലെ സരൂര്‍ നഗര്‍ പൊലീസിനു പരാതി നല്‍കിയത്.

എന്നാല്‍ പരാതി സ്വീകരിച്ച പൊലീസ് ഇതുവരെ എം.പിക്ക് എതിരെ നടപടിയെടുത്തിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്യണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടുകയാണ് പൊലീസ് .

അസാസുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രചോദനമാകുമെന്നും ഭീകരര്‍ക്ക് അത് ജീവവായു നല്‍കുമെന്നും പരാതിയില്‍ സാഗര്‍ ആരോപിക്കുന്നു.

ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഐഎസിന് ഒവൈസി നേരിട്ടും അല്ലാതെയും സഹായം നല്‍കുകയാണ്. ഇത് രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണ് എന്നും പരാതിയില്‍ പറയുന്നുണ്ട്.

‘പൊലീസ് സ്‌റ്റേഷനുകളിലും, ആരാധനാലയങ്ങളിലും, പ്രമുഖ വ്യക്തികള്‍ക്കു നേരെയും ആക്രമണം നടത്താന്‍ പദ്ധതി ഉണ്ടായിരുന്നു എന്ന പ്രതികളുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

അവരുടെ ഗൂഡാലോചന തകര്‍ക്കപ്പെട്ടു. രാജ്യദ്രാഹത്തിന് പിടിയിലായവര്‍ക്ക് നിയമ സഹായം നല്‍കുമെന്ന ഒവൈസിയുടെ വാക്കുകള്‍ ഭീകരര്‍ക്ക് ജീവശ്വാസമാകും.’ സാഗര്‍ പറയുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്റെ പാര്‍ട്ടി തീവ്രവാദത്തെ പിന്തുണയ്ക്കുന്നില്ല എന്ന് വ്യക്തമാക്കികൊണ്ട് എന്‍.ഐ.എ പിടികൂടിയവര്‍ക്ക് നിയമ സഹായം നല്‍കുമെന്ന് ഒവൈസി പറഞ്ഞത്.

Top