അപകട ഭീഷണി ഉയര്‍ത്തി സൈന്‍ ബോര്‍ഡ്; മന്ത്രിയുടെ പോസ്റ്റിന് താഴെ പരാതി, മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിച്ച് മുഹമ്മദ് റിയാസ്

കൊച്ചി: അപകട ഭീഷണി ഉയര്‍ത്തിയ സൈന്‍ ബോര്‍ഡിനെ കുറിച്ചുള്ള പരിസരവാസിയുടെ പരാതി പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പരാതി പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടിയെടുത്തത്.

നോര്‍ത്ത് പറവൂര്‍ മുന്‍സിപ്പല്‍ കവലയില്‍ ടൂറിസം വകുപ്പ് സ്ഥാപിച്ച സൈന്‍ ബോര്‍ഡ് ഏത് നിമിഷവും വഴിയാത്രക്കാരുടെ തലയില്‍ വീഴുമെന്ന അവസ്ഥയിലാണെന്ന് നിഖില്‍ കെ.എസ് എന്ന പരിസരവാസി മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പരാതി പറയുകയായിരുന്നു.

കഴിഞ്ഞ കുറെ ദിവസമായി ടൂറിസം വകുപ്പിന്റെ പ്ലാനിങ് വിഭാഗത്തില്‍ ബന്ധപ്പെട്ടെന്നും ഫോണ്‍ വഴി വിളിച്ചു പറഞ്ഞിട്ടും മെയില്‍ അയച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്നും നിഖില്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഫെയ്‌സ്ബുക്കില്‍ പരാതി ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉടനടി നടപടി എടുക്കാനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

24 മണിക്കൂറിനകം ഉദ്യോഗസ്ഥര്‍ അപടകവാസ്ഥയില്‍ ഉണ്ടായിരുന്ന സൈന്‍ബോര്‍ഡ് എടുത്ത് മാറ്റുകയും ചെയ്തു. പിന്നാലെ മന്ത്രി നേരിട്ട് കമന്റിന് മറുപടി നല്‍കുകയും ചെയ്തു. താങ്കളുടെ പരാതിയില്‍ ഇടപെട്ടു, ഇപ്പോള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നായിരുന്നു മന്ത്രിയുടെ മറുപടി.

Top