വിവാദ പരാമര്‍ശം; മോഹന്‍ ഭാഗവതിനെതിരെ പരാതി, നടപടി നിയമോപദേശം തേടിയതിന് ശേഷം

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനെതിരെ പൊലീസില്‍ പരാതി. തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി. ഹനുമന്ത റാവുവാണ് അദ്ദേഹത്തിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

മോഹന്‍ ഭാഗവത് നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കാന്‍ തയ്യാറായത്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ഹിന്ദുക്കളാണ്. തങ്ങളുടെ സംഘടന അങ്ങനെയാണ് വിലയിരുത്തുന്നത് എന്നായിരുന്നു ഭാഗവതിന്റെ പരാമര്‍ശം.

രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഹിന്ദു സമൂഹത്തിന് ”ഹിന്ദു മാര്‍ഗത്തില്‍” പരിഹാരങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ഭഗവത് പറഞ്ഞിരുന്നു. മതവും സംസ്‌കാരവും പരിഗണിക്കാതെ, ദേശീയ വികാരമുള്ളവരും ഭാരതത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുന്നവരും ഹിന്ദുക്കളാണെന്നും ഭഗവത് പറഞ്ഞു. കഴിഞ്ഞയാഴ്ച ആര്‍.എസ്.എസിന്റെ തെലങ്കാന യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ഭഗവതിന്റെ ഈ വിവാദ പരാമര്‍ശം.

അതേസമയം ഭാഗവത് നടത്തിയത് വിവാദ പ്രസംഗമാണെന്നും ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമല്ല മറ്റു മതവിശ്വാസികളും ഉണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മാത്രമല്ല ഭാഗവതിന്റെ പ്രസ്താവന ഹിന്ദുക്കളല്ലാത്തവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ കാഴ്ചപ്പാടിന് എതിരാണ്. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ സാമുദായിക സംഘര്‍ഷത്തിന് ഇടയാക്കും. ഹൈദരാബാദിലെ ക്രമസമാധാന പ്രശ്നമായി ഇത് മാറിയേക്കാമെന്നും ഹനുമന്ത പറഞ്ഞു.

അതേസമയം മോഹന്‍ ഭഗവതിനെതിരായി പരാതി ലഭിച്ചിട്ടുണ്ടെന്ന് എല്‍.ബി നഗര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്ക് മുമ്പായി നിയമോപദേശം തേടുമെന്നും എ.സി.പി പറഞ്ഞു.

Top