അവിശ്വാസികള്‍ക്കെതിരായ പരാമര്‍ശം: സുരേഷ് ഗോപിക്കെതിരെ പരാതി

കൊച്ചി: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി ആലുവ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിനെതിരെ പൊലീസിൽ പരാതി. ആലപ്പുഴ സ്വദേശിയായ അഭിഭാഷകനാണ് ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രസംഗം നടത്തിയതെന്നാണ് പരാതി.

ആലുവ ശിവരാത്രിയോട് അനുബന്ധിച്ച് സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്- “വിശ്വാസികളായ മനുഷ്യരെ മുഴുവൻ സ്നേഹിക്കുമെന്ന് പറയുമ്പോൾ അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നിൽ പോയി പ്രാർത്ഥിച്ചിരിക്കും”.

സുരേഷ്‌ ഗോപിയുടെ ഈ പരാമർശം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതവിശ്വാസ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പരാതിയിൽ പറയുന്നു. സമൂഹത്തിൽ വിദ്വേഷം പടർത്താൻ സുരേഷ് ഗോപി ശ്രമിച്ചെന്നും പരാതിയിലുണ്ട്.

എന്നാൽ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന പ്രസംഗം എഡിറ്റ് ചെയ്തതാണെന്നാണ് സുരേഷ് ഗോപിയുടെ വാദം- “അടുത്ത കാലത്തായി എന്റെ പ്രസംഗത്തിൽ നിന്നും എടുത്ത ഒരു വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടു. അത് എഡിറ്റ് ചെയ്തതാണ്. ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇതിനെ കുറിച്ച് പറയണമെന്ന് തോന്നി. അവിശ്വാസികളുടേയോ നിരീശ്വരവാദികളുടേയോ മൂല്യങ്ങളെയോ ചിന്തകളെയോ ഞാൻ അനാദരിക്കുന്നില്ല. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഭരണഘടന എന്റെ മതത്തിന് അനുവദിച്ചുനൽകിയ ആചാരങ്ങൾക്ക് തടസ്സം നിൽക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് ഞാൻ സംസാരിച്ചത്. ആരെങ്കിലും രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അവരുടെ നാശത്തിനായി ഞാൻ പ്രാർഥിക്കും. ശബരിമലയിലെ ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരെ നിന്നവരേയുമാണ് ഞാൻ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ ഉദേശ്യവും ആശയവും. അതിനെ ആരും വഴിതിരിച്ച് വിടേണ്ട. ഈ പറയുന്നതിൽ ഞാൻ രാഷ്ട്രീയം കലർത്തുന്നില്ല”.

Top