ബോളിവുഡ് ചിത്രം ‘സഞ്ജു’വിനെതിരെ സി ബി എഫ് സിയില്‍ പരാതി

sanju

ബോളിവുഡ് താരം സഞ്ജയ്ദത്തിന്റെ ബയോപിക് ചിത്രമായ സഞ്ജുവിനെതിരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ പരാതി. സാമൂഹിക പ്രവര്‍ത്തകനായ പൃഥ്വി മാസ്‌കെയാണ് പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ ജയിലിലെ ടോയ്‌ലറ്റ് ലീക്ക് ആവുന്ന രംഗം ഉണ്ടെന്ന് കാണിച്ചാണ് പരാതി.

സഞ്ജുവിന്റെ ട്രെയിലറില്‍ ടോയ്‌ലറ്റ് കവിഞ്ഞൊഴുകുന്ന രംഗം ഉണ്ടെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജയിലുകളില്‍ അത്തരമൊരു മോശം അവസ്ഥയല്ല ഉള്ളതുമെന്നുമാണ് തനിക്ക് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്നും പൃഥ്വി തന്റെ പരാതിയില്‍ പറയുന്നു. ജയിലധികൃതരുടെ അടുത്ത് സംസാരിച്ചതില്‍ നിന്നും ഇത്തരത്തിലൊരു അവസ്ഥയല്ല ജയിലിലുള്ളതെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഇതെല്ലാം പ്രേക്ഷകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ ധാരാളം ചിത്രങ്ങള്‍ ഇത്തരത്തില്‍ ജയിലില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇതുപോലുള്ള സംഭവങ്ങള്‍ കാണിക്കുന്നത് ആദ്യമാണെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നുണ്ട്.

ഇത്തരമൊരു സീന്‍ കാണുന്ന പ്രേക്ഷകര്‍ക്ക് ജയിലിനെ കുറിച്ചും ജയില്‍ അധികൃതരെ കുറിച്ചും മോശമായ അഭിപ്രായമാണുണ്ടാവുക എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊരു പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ കോടതിയെ സമീപിച്ച് സിനിമയുടെ റിലീസിങ് തടയുമെന്നും പറഞ്ഞുകൊണ്ടാണ് പരാതി അവസാനിപ്പിച്ചിരിക്കുന്നത്.

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് സഞ്ജയ്ദത്തായി വേഷമിടുന്നത്.
സോനം കപൂര്‍, വിക്കി കൗശല്‍, പരേഷ് റാവല്‍, കരീഷ്മ തന്ന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top