പി.വി.അന്‍വര്‍ എംഎല്‍എക്കെതിരെ നവകേരളസദസ്സില്‍ പരാതി

തിരൂര്‍: പി വി അന്‍വര്‍ എം എല്‍ എ ക്കെതിരെ നവകേരള സദസ്സില്‍ പരാതി.അന്‍വര്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഭൂമി കണ്ടു കെട്ടണമെന്ന താലൂക് ലാന്റ് ബോര്‍ഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും ആക്ഷേപം. അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യം. പൊതുപ്രവര്‍ത്തകനായ കെ വി ഷാജിയാണ് വള്ളിക്കുന്നു മണ്ഡലം നവകേരള സദസ്സില്‍ പരാതി നല്‍കിയത്.

ഭൂപരിഷ്‌കരണനിയമം ലംഘിച്ച് പി വി അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കാന്‍ ഒക്ടോബര്‍ 26നാണ് താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഉത്തരവിട്ടത്. ഒരാഴ്ചക്കകം നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഭൂമി കണ്ടു കെട്ടുമെന്നായിരുന്നു ഉത്തരവ്. കക്കാടം പൊയിലില്‍ 90.3 സെന്റ് ഭൂമിയാണ് സര്‍ക്കാരിലേക്ക് കണ്ടു കെട്ടേണ്ടത്. ഇതിനു പുറമേ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലും പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലും കണ്ടുകെട്ടേണ്ട മിച്ച ഭൂമിയുണ്ട്.

Top