കേരളീയം ‘ആദിമം’ പ്രദര്‍ശന വിവാദം; ദേശീയ പട്ടിക വര്‍ഗ കമ്മീഷന് യുവമോര്‍ച്ച പരാതി നല്‍കി

ദില്ലി: ആദിവാസികളെ ‘കേരളീയം’ പരിപാടിയില്‍ അവതരിപ്പിച്ചതിനെതിരെ പരാതി. ദേശീയ പട്ടിക വര്‍ഗ കമ്മീഷന് പരാതി നല്‍കി യുവമോര്‍ച്ച.യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജാണ് പരാതി നല്‍കിയത്. ‘കേരളീയ’ത്തിലെ ഫോക്ക് ലോര്‍ അക്കാദമിയുടെ ‘ആദിമം’ പ്രദര്‍ശനത്തിനെതിരെ നേരത്തെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയതിന് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ആദിവാസി – ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിവാദം അനാവശ്യമെന്നാണ് സര്‍ക്കാരിന്റെയും ഫോക്ക്‌ലോര്‍ അക്കാദമിയുടെ പ്രതികരണം.

കേരളീയത്തോട് അനുബന്ധിച്ച് കനകക്കുന്ന് കൊട്ടാര വളപ്പില്‍ ഒരുക്കിയിരിക്കുന്ന ആദിമം ലിവിംഗ് മ്യൂസിയത്തിന് എതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. കുടിലുകളും ഏറുമാടവും കെട്ടി പരാമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് അഞ്ച് ആദിവാസി ഗോത്രങ്ങളില്‍ നിന്നുള്ളവരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തനത് കലാരൂപങ്ങളുടെ പ്രകടനവും ഇവിടെ ഉണ്ടായിരുന്നു. ആദിവാസികളെ കാഴ്ച്ചാരൂപങ്ങളാക്കി മാറ്റിയെന്നും
വംശീയതയെന്നുമുള്ള വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. ആദിവാസി സമൂഹത്തെ അപമാനിച്ചതിന് സര്‍ക്കാര്‍ മാപ്പ് പറയണമെന്നാണ് ആദിവാസി ദളിത് സംഘടനകളുടെ ആവശ്യം.

Top