മദ്യപിച്ചിരുന്നെന്ന ആരോപണം പൊളിഞ്ഞു, ജോജു കയ്യേറ്റം ചെയ്‌തെന്ന് പരാതിയില്‍ ചേര്‍ക്കുമെന്ന് കോണ്‍ഗ്രസ്

കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ കൂടുതല്‍ പരാതികള്‍ നല്‍കുമെന്ന് വനിതാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷ. പെട്ടെന്ന് പരാതി എഴുതിനല്‍കിയതിനാല്‍ എല്ലാം ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും, ജോജു ചില പ്രവര്‍ത്തകരുടെ കയ്യില്‍ പിടിച്ച് വലിച്ചിരുന്നു. അത് ചേര്‍ത്ത് വീണ്ടും പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

പെട്ടെന്നാണ് പരാതി എഴുതിക്കൊടുത്തത്. അതിനു ശേഷമാണ് ചില പ്രവര്‍ത്തകരുടെ കയ്യിലൊക്കെ പിടിച്ച് വലിച്ച് അവര്‍ക്ക് പരുക്കുണ്ടെന്ന് അറിഞ്ഞത്. അതുകൂടി ഉള്‍പ്പെടുത്തി വീണ്ടും പരാതി നല്‍കും.

മദ്യപാനമാണോ മറ്റെന്തെങ്കിലും ലഹരിയാണോ എന്നറിയില്ല. കാരണം സ്വബോധമുള്ള ആരും ചെയ്യുന്ന പ്രവര്‍ത്തിയല്ല അയാള്‍ ചെയ്തത്. മുണ്ട് മടക്കിക്കുത്തി ധാര്‍ഷ്ട്യത്തോടെയാണ് വന്നത് എന്നും അവര്‍ ആരോപിച്ചു.

അതേസമയം, ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യപിച്ചെത്തിയ നടന്‍ സമരം അലങ്കോലപ്പെടുത്തിയെന്നും സമരം നടത്തിയത് മുന്‍കൂട്ടി അനുമതി വാങ്ങിയതാണെന്നുമായിരുന്നു എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞത്.

മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടെ അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നല്‍കുമെന്നും ഡിസിസി അധ്യക്ഷന്‍ പ്രതികരിച്ചിരുന്നു.

Top