Complaint against Essar forwarded to Home Ministry

മുംബൈ: രാജ്യത്തെ വിശിഷ്ട വ്യക്തികളുടെയും രാഷ്ട്രീയപ്രമുഖരുടെയും ഫോണ്‍സന്ദേശങ്ങള്‍ എസ്സാര്‍ ഗ്രൂപ്പ് ചോര്‍ത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി.

കഴിഞ്ഞ ദിവസമാണ് 2001നും 2006നും ഇടയില്‍ എ.ബി. വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കേ പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങള്‍ അടക്കം ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്‍കുകയും ചെയ്തു.

സംഭവത്തില്‍ പത്തുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ അന്വേഷണം പൂര്‍ത്തിയായതിനു ശേഷം റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസുമായി പങ്കുവയ്ക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി.

ബിസിനസ് പ്രമുഖരായ മുകേഷ് അംബാനി, ടിന അംബാനി, റിലയന്‍സിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഐഡിബിഐ ബാങ്ക് മുന്‍ വൈസ് ചെയര്‍മാന്‍ പി.പി.വോറ, ഐസിഐസിഐ ബാങ്ക് എംഡി കെവി കാമത്ത്, മുന്‍ ജോയിന്റ് എംഡി ലളിത ഗുപ്‌തെ തുടങ്ങിയവരും രാഷ്ട്രീയ പ്രമുഖരായ പ്രഫുല്‍ പട്ടേല്‍, രാം നായിക്, റയില്‍വേ മന്ത്രി സുരേഷ് പ്രഭു എന്നിവരുടെയും ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

എസ്സാര്‍ ഗ്രൂപ്പ് ഉപ സ്ഥാപനമായ ബിപിഎല്‍ കമ്യൂണിക്കേഷന്‍ (ഇപ്പോള്‍ ലൂപ് മൊബൈല്‍) ഹച്ചിസണ്‍ സെലുലാര്‍ സര്‍വീസ് ഉപയോഗിച്ചാണു ഫോണ്‍ ചോര്‍ത്തിയത്. ബിസിനസ് ലാഭത്തിനായി എസ്സാര്‍ ഗ്രൂപ്പ് നടത്തിയ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റസ്റ്റ് ലിറ്റിഗേഷന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണു പുതിയ വെളിപ്പെടുത്തല്‍.

Top