മരിച്ച വ്യക്തിയുടെ പേരില്‍ വ്യാജരേഖ ചമച്ച് പെന്‍ഷന്‍ തട്ടിയ സിപിഎം മഹിളാ നേതാവിനെതിരെ പരാതി

കണ്ണൂര്‍: കണ്ണൂരില്‍ മരിച്ച വ്യക്തി ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുത്തതായി സിപിഎം മഹിളാ നേതാവിനെതിരെ പരാതി. പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അടുത്ത ബന്ധുവുമായ സ്വപ്ന അശോകിനെതിരെയാണ് മരിച്ച ഇരിട്ടി സ്വദേശി കൗസു തോട്ടത്താന്റെ ബന്ധുക്കള്‍ പരാതി നല്‍കിയത്.

വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ധനാഹരണം എന്നിങ്ങനെ ഗുരുതര കുറ്റം ആരോപിക്കപ്പെട്ട സ്വപ്നയെ ബാങ്ക് സസ്‌പെന്റ് ചെയ്‌തെങ്കിലും പൊലീസ് കേസെടുത്തില്ല. തളര്‍വാതം വന്ന് ഏഴ് കൊല്ലമായി കിടപ്പിലായിരുന്ന തോട്ടത്താന്‍ കൗസു കഴിഞ്ഞ മാര്‍ച്ച് 9 നാണ് മരിച്ചത്. തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന മൂന്ന് പെണ്‍മക്കളായിരുന്നു കൗസുവിനെ അവസാനകാലത്ത് ശുശ്രൂശിച്ചത്. അമ്മ മരിച്ച കാര്യം ഇവര്‍ മാര്‍ച്ച് 20ന് പായം പഞ്ചായത്തിനെ അറിയിച്ചിരുന്നതുമാണ്.

കൗസുവിന്റെ മകളുടെ ഭര്‍ത്താവ് ക്യാന്‍സര്‍ രോഗിയായ കടുമ്പേരി ഗോപി തന്റെ പെന്‍ഷന്‍ വാങ്ങാന്‍ ഏപ്രിലില്‍ അംഗന്‍വാടിയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. കൗസു മരിച്ചതിനാല്‍ സര്‍ക്കാരിലേക്ക് തിരികെ പോകേണ്ട ആറായിരത്തി ഒരുന്നൂറ് രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോഓപ്പറേറ്റീവ് റൂറല്‍ബാങ്ക് കളക്ഷന്‍ ഏജന്റ് സ്വപ്ന തട്ടിയെടുത്തു എന്നാണ് ഇവരുടെ പരാതി. പണം തങ്ങള്‍ തന്നെ കൈപ്പറ്റിയിരുന്നു എന്ന് ഒപ്പിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി കുടുംബം പറയുന്നു.

നെല്‍കൃഷി പരിശോധിക്കാനാണ് പഞ്ചായത്ത് അംഗങ്ങള്‍ പോയത് എന്നാണ് സ്വപ്നയുടെ ഭര്‍ത്താവും പായം പഞ്ചായത്ത് പ്രസിഡന്റുമായ അശോകന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ സ്വപ്നയുടെ വീട്ടിലെത്തിയെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. മന്ത്രി കെ കെ ശൈലജയുടെ മാതൃസഹോദരിയുടെ മകളും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവുമാസ സ്വപ്നയുടെ ഉന്നത ബന്ധം കൊണ്ടാണ് പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ പോലും ഇടാത്തതെന്ന് കുടുംബം ആരോപിക്കുന്നു.

Top