തിരുവനന്തപുരം: കുണ്ടറ പീഡന കേസുമായി ബന്ധപ്പെട്ട് വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ ലോകായുക്തയില്‍ പരാതി. ഭാരതീയ നാഷണല്‍ ജനതാദള്‍ പാര്‍ട്ടിയുടെ യുവജനവിഭാഗമായ യുവജനതയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും വിവരാവകാശ പ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസാണ് പരാതി നല്‍കിയത്.
കുണ്ടറയിലെ പെണ്‍കുട്ടിയുടെ പിതാവിനെ വിളിക്കുകയും ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രിയ്ക്ക് അടിയന്തര നിര്‍ദേശം നല്കി ഉത്തരവുണ്ടാകണമെന്നാണ് പരാതിയിലെ ആവശ്യം.
പൊതുതാല്പര്യത്തെ മാനിച്ചും പരാതിയുടെ ഗൗരവം കണക്കിലെടുത്തും പരിഹാരത്തിനായാണ് ലോകായുക്തയെ സമീപിക്കുന്നതെന്നും നവാസ് പരാതിയില്‍ പറയുന്നു. അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ ശശീന്ദ്രന് നടത്തിയതായും ഇനി നിയമപരമായി മന്ത്രിയായി തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.