രാജന്റെ കുടുംബത്തിനെതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി. ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും ഭൂമി മറ്റാര്‍ക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും വസന്ത പറഞ്ഞു.

ദമ്പതികള്‍ മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് രാജന്റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകില്ലെന്ന് ഇന്ന് രാവിലെ പരാതിക്കാരി പ്രതികരിച്ചത്. നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണ്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്. ഇപ്പോള്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ തന്റെ മക്കളുമായി സംസാരിച്ചെന്നും കേസില്‍ മുന്നോട്ട് പോകില്ലെന്നും പരാതിക്കാരി വസന്ത പ്രതികരിച്ചിരുന്നു.

ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂമി രാജന്റെ മക്കള്‍ക്ക് കൈമാറാം എന്നും ഇവര്‍ വാക്കാല്‍ പറഞ്ഞിരുന്നു. രാജന്റെ മക്കള്‍ക്ക് വീടും സ്ഥലവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. നേരത്തെ യൂത്ത് കോണ്‍ഗ്രസും വീടും സ്ഥലവും വാഗ്ദാനം ചെയ്തു. പിന്നാലെ ഡിവൈഎഫ്‌ഐ പഠന ചെലവും ഏറ്റെടുക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നു. അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ട് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തി രാജന്റെ മക്കളോട് സംസാരിച്ചു.

Top