പരാതിക്കാരിയായി പെലീസ് സ്റ്റേഷനിലെത്തി കാര്യക്ഷമത പരിശോധിച്ച് പുതിയ എ.എസ്.പി

പെരിന്തല്‍മണ്ണ: താന്‍ ചാര്‍ജെടുക്കാന്‍ പോകുന്ന പൊലീസ് സ്റ്റേഷന്റെ കാര്യക്ഷമത പരിശോധിക്കാനായി പരാതിക്കാരിയായി എത്തി എ.എസ്.പി എം. ഹേമലത. കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യവെ പണമടങ്ങിയ പഴ്‌സ് നഷ്ടമായെന്ന പരാതിയുമായാണ് ആദ്യദിനത്തില്‍ എ.എസ്.പി പെരിന്തല്‍മണ്ണ പൊലീസ് സ്‌റ്റേഷനിലെത്തിയത്.

പി.ആര്‍.ഒ ആയി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഷാജിയാണ് പരാതി കേട്ടത്. അന്യനാട്ടുകാരിയായ യുവതിയുടെ പരാതി വിശദമായി കേട്ടശേഷം അദ്ദേഹം കെ.എസ്.ആര്‍.ടി.സി അധികൃതരുമായി ബന്ധപ്പെട്ടു.പരാതി എഴുതി നല്‍കാന്‍ പറഞ്ഞ ശേഷം രശീതി എടുക്കാന്‍ തുനിഞ്ഞതോടെ പരാതിക്കാരി രശീതി വേണ്ടെന്ന് പറഞ്ഞു.

എന്തായാലും കൈപ്പറ്റണമെന്നറിയിച്ച ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങിയതോടെയാണ് താന്‍ പുതുതായി ചുമതലയേറ്റ എ.എസ്.പിയാണെന്നറിയിച്ചത്. സ്‌റ്റേഷനില്‍ പരാതിക്കാരിയായി എത്തിയ തനിക്ക് നല്ല പെരുമാറ്റമാണ് ലഭിച്ചതെന്ന് എ.എസ്.പി എം. ഹേമലത അറിയിച്ചു.

Top