സിബിഐയ്ക്ക് എതിരെ കേന്ദ്രത്തിന് പരാതി നൽകി സോളർ പീഡനക്കേസിലെ പരാതിക്കാരി

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് എതിരെ പരാതി നൽകി സോളർ പീഡനക്കേസിലെ പരാതിക്കാരി. സോളർ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ അട്ടിമറിച്ചതായി പരാതിക്കാരി ആരോപിക്കുന്നു. കേസ് അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പരാതിക്കാരി, കേസിൽ മുൻ സിബിഐ ഉദ്യോഗസ്ഥന്റെ ഇടപെടൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. സാക്ഷികൾക്ക് പണം നൽകിയത് സിബിഐ അന്വേഷിച്ചില്ല. പണം ലഭിച്ചതായി സാക്ഷി മൊഴി നൽകിയിട്ടും അവഗണിച്ചുവെന്നും ഇവരുടെ പരാതിയിൽ പറയുന്നു.

അടുത്തിടെ, സോളർ പീഡനക്കേസിൽ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 2012 സെപ്റ്റംബർ 19നു ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ആ ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിരുന്നു. ആ നിലപാട് ശരിവയ്ക്കുക മാത്രമല്ല, കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുകൂടി ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Top