പൊലീസിന്റെ സാക്ഷിമൊഴി വ്യാജം ; ശ്രീജിത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് പരാതിക്കാരന്‍

varappuzha custody death,

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ പൊലീസ് പിടികൂടിയത് ഇയാള്‍ക്കെതിരേ പരാതിപോലും ലഭിക്കാത്ത സാഹചര്യത്തിലെന്ന് തെളിയിക്കുന്ന മൊഴി പുറത്ത്. ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ഇടയാക്കിയ സംഭവത്തിലെ പരാതിക്കാരന്‍ നല്‍കിയ മൊഴിയില്‍ ശ്രീജിത്തിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല.

പൊലീസ് കസ്റ്റഡിയിലിരിക്കെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീജിത്ത് തിങ്കളാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതിനെതുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ ഉണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതവും തുടര്‍ന്നുണ്ടായ അണുബാധയുമാണ് മരണത്തിന് കാരണമായതെന്ന സൂചനകളാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടിലുമുള്ളത്.

ഇതിന് പിന്നാലെ തങ്ങള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ മരിച്ച ശ്രീജിത്തിനെകുറിച്ച് പറഞ്ഞിരുന്നില്ലെന്ന് വെളിപ്പെടുത്തി ജീവനൊടുക്കിയ ഗൃഹനാഥന്റെ മകനും കേസിലെ പരതാക്കാരിലൊരാളുമായ വീനിഷ് രംഗത്തു വന്നിരുന്നു. എന്നാല്‍ വിനീഷ് മാധ്യമങ്ങളോട് കളവ് പറയുകയാണെന്നും വീട് കയറിയ മര്‍ദ്ദിച്ച സംഭവത്തില്‍ വിനീഷ്, മരിച്ച ശ്രീജിത്ത് അടക്കമുള്ളവര്‍ക്കെതിരേ പരാതി നല്‍കിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

വിനീഷ് നല്‍കിയ മൊഴിയില്‍ വീട് കയറി ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന്റെ പേര് പറയുന്നതേയില്ല. ഈ കേസുമായി ബന്ധപ്പെട്ട് ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കെതിരെയും വിനീഷ് മൊഴി നല്‍കിയിട്ടില്ല.

വിബിന്‍, വിന്‍ജു, തുളസിദാസ്, വിനു, വിനു എസ് ജി, അജിത് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് എട്ടുപേര്‍ക്കുമെതിരേയാണ് വിനീഷ് പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ ആളുമാറിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പറഞ്ഞിരുന്നത്.

Top