ഗുരുതര പിഴവ് ; മൂക്കിലെ ദശ നീക്കാന്‍ ഏഴുവയസുകാരന‌് വയറിന‌് ശസ്ത്രക്രിയ

മഞ്ചേരി : മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. മൂക്കിലെ ദശ നീക്കാന്‍ ചികിത്സതേടിയ ഏഴുവയസുകാരനാണ‌് മൂക്കിനുപകരം വയറിന‌് ശസ്ത്രക്രിയ നടത്തിയത‌്.

വയറിൽ ശസ്ത്രക്രിയ നടത്താനെത്തിയ മറ്റൊരു രോഗിയുമായി ഏഴുവയസ്സുകാരന്റെ പേരിന് സാമ്യം ഉള്ളതിനാലാണ് പിഴവ് സംഭവിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം . കുട്ടിയുടെ സ്ഥിതി തൃപ്തികരമാണെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. നന്ദകുമാര്‍ പറഞ്ഞു.

കരുവാരക്കുണ്ട് കേരളാ എസ്റ്റേറ്റ് തയ്യില്‍ മജീദ്-ജഹാന്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഡാനിഷിനെയാണ് ആളുമാറി ശസ്ത്രക്രിയ നടത്തിയത്. പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണന്‍-കുഞ്ഞിലക്ഷ്മി ദമ്പബതികളുടെ മകന്‍ ധനുഷി (ആറ്)ന് ഹെര്‍ണിയക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ‌് ഡാനിഷിനെ പുറത്തേക്കുകൊണ്ടുവന്നപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയചെയ‌്തതായി രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.
അഞ്ചുമാസമായി ഒപിയില്‍ ചികിത്സതേടുന്ന കുട്ടിക്ക‌് പെട്ടെന്ന‌് ഹെര്‍ണിയ കണ്ടെത്തിയെന്ന വാദം അംഗീകരിക്കാനാകില്ലെന്ന‌് കുട്ടിയുടെ ഉപ്പ മജീദ് പറഞ്ഞു. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയാണ് ശസ്ത്രക്രിയക്ക‌് പ്രവേശിപ്പിച്ചത്. വയറിന് ശസ്ത്രക്രിയ നടത്താന്‍ അനുമതി വാങ്ങിയിരുന്നില്ല. ആന്തരികാവയവ പരിശോധന നടത്താതെ ഹെര്‍ണിയ കണ്ടെത്തിയെന്നത‌് അംഗീകരിക്കാനാകില്ല. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും മജീദ് പറഞ്ഞു.

Top