Competitors planned to defeat Vs in Malampuzha

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ ശക്തമായ അടിയൊഴുക്കുകള്‍ക്ക് മലമ്പുഴ സാക്ഷ്യംവഹിക്കുമെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ തവണ 23,440 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച അച്യുതാനന്ദനെ പരാജയപ്പെടുത്തുന്നതിനായി ‘അപ്രതീക്ഷിത’ മേഖലകളില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ജോയിക്ക് പിന്‍തുണ ലഭിക്കുന്നുണ്ടെന്നാണ് വിവരം.

മണ്ഡലത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ബിജെപിയുടെയും നിലപാട് ഇവിടെ നിര്‍ണ്ണായകമാവും.

വിഎസിന്റെ ബദ്ധവൈരികളായ വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയും അച്യുതാനന്ദനെതിരെ ശക്തമായ കാമ്പയിന് നേതൃത്വം നല്‍കി വരികയാണ്.

new

എസ്എന്‍ഡിപി യോഗത്തിന് നിരവധി ശാഖകളുള്ള മലമ്പുഴയില്‍ കഴിഞ്ഞ തവണ വിഎസിന് നല്‍കിയ പിന്‍തുണ ഇത്തവണ യോഗം കുടുംബങ്ങള്‍ നല്‍കില്ലെന്നും അതോടെ വിഎസ് തോല്‍ക്കുമെന്നുമാണ് ബിഡിജെഎസ് നേതൃത്വത്തിന്റെ അവകാശവാദം.

ബിജെപി ശക്തമായ പ്രചാരണവുമായി മണ്ഡലത്തില്‍ നിറസാന്നിധ്യമാണെങ്കിലും വോട്ടെടുപ്പ് ദിവസം ഇവര്‍ക്ക് മേല്‍ വെള്ളാപ്പള്ളിയുടെ ‘സ്വാധീനം’ പ്രകടമാവാനുള്ള സാധ്യത സിപിഎമ്മും മുന്‍കൂട്ടി കാണുന്നുണ്ട്.

പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കിടയില്‍ ചില അതൃപ്തികളുണ്ടെന്നും പാര്‍ട്ടി മെഷനറി കാര്യക്ഷമമല്ലെന്നുമുള്ള ആക്ഷേപമുയര്‍ന്നതിനാല്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ നേരിട്ടെത്തി കര്‍ക്കശ നിര്‍ദ്ദേശം നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ വിഎസിനായി കൂടുതല്‍ ശക്തമായ പ്രചാരണം സംഘടിപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ബുധനാഴ്ച മുതല്‍ വിഎസ് മണ്ഡലത്തില്‍ സജീവമാകും.

ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ വിഎസ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തരുത് എന്ന ആഗ്രഹത്തേക്കാള്‍, വിഎസിനെപ്പോലെ സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് യുഡിഎഫിന്റെ വിജയമായല്ല തന്റെ വിജയമായാണ് ചരിത്രം രേഖപ്പെടുത്തുക എന്ന വിശ്വാസത്തിലാണ് വെള്ളാപ്പള്ളി.

vs

vs

ബിജെപി മുന്നണിയുടെ ഭാഗമായി മത്സരിച്ച് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിഎസിന്റെ പതനം മാത്രം കണ്ടാല്‍ മതിയെന്ന നിലയിലാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെയും അനുയായികളുടേയും പ്രവര്‍ത്തനം.

വിഎസിന്റെ കടുത്ത എതിരാളിയായി അറിയപ്പെടുന്ന വ്യവസായിയും തന്നാല്‍ കഴിയുന്ന ഒരു ‘കൈ’ സഹായം ഈ നീക്കങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

വോട്ടെടുപ്പിനോടനുബന്ദിച്ച് വന്‍തോതില്‍ പണമിറക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ സിപിഎം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ തനിക്കെതിരെ ശത്രുക്കള്‍ ഒന്നടങ്കം ഒരുമിച്ച് ആക്രമണത്തിനൊരുങ്ങുന്നതിനെ വകവയ്ക്കാതെയാണ് വിഎസിന്റെ ചുവട് വയ്പ്.

vs

സംസ്ഥാന വ്യാപകമായി ഇടതുമുന്നണി യോഗങ്ങളില്‍ ഭരണപക്ഷത്തിനും ബിജെപിക്കും വെള്ളാപ്പള്ളിക്കുമെതിരെ ആഞ്ഞടിച്ച് അണികളെ ആവേശഭരിതരാക്കിയാണ് അദ്ദേഹത്തിന്റെ ജൈത്രയാത്ര.

വിഎസിന്റെ യോഗങ്ങളില്‍ തടിച്ച് കൂടുന്ന പതിനായിരങ്ങള്‍ ഇടതുമുന്നണിയെ സംബന്ധിച്ച് പുതിയ പ്രതീക്ഷ നല്‍കുന്നതാണ്.

പഴയ വിഎസ്-പിണറായി തര്‍ക്കങ്ങള്‍ ചൂണ്ടിക്കാട്ടി ഇടത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള യുഡിഎഫിന്റെ നീക്കവും വിഎസും പിണറായിയും ചേര്‍ന്ന് ഇതിനകം തന്നെ പൊളിച്ചിട്ടുണ്ട്.

ധര്‍മ്മടത്ത് പ്രചരണത്തിനെത്തി പിണറായിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച വിഎസിന്റെ മണ്ഡലത്തില്‍ ശനിയാഴ്ചയെത്തിയ പിണറായിക്ക് അവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

Top