ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തെരെഞ്ഞെടുപ്പ് ആപ്പുകളുടെ മത്സരം

തെരെഞ്ഞെടുപ്പ് അടുത്തതോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തെരെഞ്ഞെടുപ്പു ആപ്ലിക്കേഷനുകളുടെ മത്സരം. ദേശീയ തലത്തിലുളള പാര്‍ട്ടികളുടെ ആപ്പുകള്‍ മുതല്‍ തെരെഞ്ഞെടുപ്പ് ചരിത്രം വിവരിക്കുന്ന ആപ്പുകള്‍ വരെ പ്ലേസ്റ്റോറില്‍ സജീവമായിക്കഴിഞ്ഞു.

മാത്രമല്ല, കഴിഞ്ഞ തെരെഞ്ഞെടുപ്പു കാലത്ത് നിര്‍മ്മിച്ച ശേഷം പ്രവര്‍ത്തന രഹിതമായ ആപ്ലിക്കേഷനുകളും ഇപ്പോള്‍ സജീവമായിക്കഴിഞ്ഞു. സജീവമല്ലാതിരുന്ന പല ആപ്പുകളുടെ റേറ്റിങ്ങും നിലവില്‍ ഉയര്‍ന്നിട്ടുണ്ട്.

നിലവിലെ പാര്‍ലമെന്റംഗത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കാന്‍ സഹായിക്കുന്ന ആപ്പും ഇതിലുണ്ട്. ഇതില്‍ എം.പി.മാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്തി ജനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കാനാകും. മാത്രമല്ല, മണ്ഡലത്തിലെ പരിഹരിക്കാത്ത പ്രശ്‌നങ്ങളും ഇതില്‍ എഴുതിച്ചേര്‍ക്കാം. അഭിപ്രായ സര്‍വ്വേയ്ക്കായും ആപ്ലിക്കേഷനുണ്ട്.

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ സഹായിക്കുന്നവയും പട്ടികയില്‍ പേര് പരിശോധിക്കുന്നതിനുള്ള ആപ്പുകളും ഇക്കൂട്ടത്തിലുണ്ട്. ആപ്പുകള്‍ എല്ലാം തന്നെ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് ഉപരിയായി തിരഞ്ഞെടുപ്പ് വാര്‍ത്തകളും ലേഖനങ്ങളും ചിത്രങ്ങളും ലഭിക്കുന്ന ആപ്പും പ്ലേസ്റ്റോറില്‍ സുലഭമാണ്.

Top