അതിര്‍ത്തിയില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ബംഗാള്‍ സ്വദേശികളായ രണ്ട് സൈനികരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

രാജേഷ് ഒറാങ്ക്, ബിപുല്‍ റോയ് എന്നിവരുടെ കുടുംബത്തിനാണ് ബംഗാള്‍ സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതവും ഇരുവരുടെയും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

രാജ്യത്തിനായി സൈനികര്‍ ചെയ്ത ത്യാഗത്തിനും അവരുടെ കുടുംബങ്ങള്‍ക്ക് ഉണ്ടായ നഷ്ടത്തിനും മുന്നില്‍ പകരംവെയ്ക്കാന്‍ മറ്റൊന്നിന്നും സാധിക്കില്ല. ഈ പ്രതിസന്ധിഘട്ടത്തില്‍ സൈനികരുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്നും മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ഒരു കേണല്‍ ഉള്‍പ്പടെയുള്ള ഇവരുടെ പേരുവിവരങ്ങള്‍ കരസേന പുറത്തുവിട്ടിരുന്നു. തെലങ്കാന, പഞ്ചാബ്, ഒഡിഷ, തമിഴ്‌നാട്, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

വീണ് പരിക്കേറ്റ നിലയിലും, വടിയുള്‍പ്പടെയുള്ള ആയുധങ്ങള്‍ കൊണ്ട് പരിക്കേറ്റ നിലയിലും, പൂജ്യത്തിനും താഴെ താപനിലയുള്ള ഇടത്തേയ്ക്ക് വീണ് തണുത്തുവിറച്ചുമാണ് ഇവരുടെ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top