സൗജന്യ ഗോവ യാത്ര വേണ്ട, 3 കിലോ ഉള്ളി മതി; ജനങ്ങളുടെ വാക്കുകേട്ട് ഞെട്ടി കമ്പനി

സൗജന്യ ഗോവ യാത്ര. ആഹ് കേള്‍ക്കേണ്ട താമസം ആളുകള്‍ ചാടിപ്പിടിക്കും എന്ന് കരുതാന്‍ വരട്ടെ. ഇതിന് ഒരു ഓപ്ഷന്‍ കൂടിയുണ്ട്. മൂന്ന് കിലോ ഉള്ളി! സൗജന്യ ഗോവ യാത്ര വരെ ഉപേക്ഷിച്ച് ആളുകള്‍ ഉള്ളി തെരഞ്ഞെടുക്കും. ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ഉള്ളി വില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഒരു മുന്‍നിര ഓണ്‍ലൈന്‍ ബസ് ടിക്കറ്റിംഗ് കമ്പനി ഇത്തരമൊരു സമ്മാനം കസ്റ്റമേഴ്‌സിനായി മുന്നോട്ട് വെച്ചത്.

തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് അഭിബസ്.കോം വിലയേറിയ ഗോവ ട്രിപ്പ്, ഐഫോണ്‍, ഇബൈക്ക് എന്നിവയ്‌ക്കൊപ്പം ഉള്ളിയും ഓഫര്‍ ചെയ്തത്. എന്നാല്‍ ഗോവയ്ക്കുള്ള യാത്രയേക്കാള്‍ കൂടുതല്‍ പേരും തെരഞ്ഞെടുത്തത് ഉള്ളിയാണെന്ന് കണ്ട് കമ്പനി ഞെട്ടി. സോഷ്യല്‍ മീഡിയയില്‍ ഉള്ളി വിലയുടെ പേരില്‍ തമാശകളും ട്രോളുകളും വളരുന്ന സാഹചര്യത്തിലാണ് കമ്പനി ഈ ഓഫര്‍ നല്‍കിയത്.

മത്സരത്തില്‍ പങ്കെടുത്ത 54 ശതമാനം പേര്‍ ഉള്ളിയാണ് തങ്ങള്‍ക്ക് ആവശ്യമുള്ള സമ്മാനമായി തെരഞ്ഞെടുത്തത്. ഗോവ ഓഫറിന് 46 ശതമാനം പേരും അനുകൂലിച്ചു. ഇതിന് മുന്‍പ് പലപ്പോഴും ഗോവ ട്രിപ്പ് ഓഫറില്‍ അഭിബസ് പ്രഖ്യാപിച്ചപ്പോള്‍ മറ്റ് വാഗ്ദാനങ്ങളെ തകിടം മറിച്ച് ഗോവ മുന്നിലെത്തിയിരുന്നു. ഇതാണ് ഉള്ളി വിലക്കയറ്റത്തില്‍ മാറ്റിമറിഞ്ഞത്.

ദിവസേന 20 വിജയികളെ പ്രഖ്യാപിച്ച് ഇവര്‍ക്ക് 3 കിലോ ഉള്ളി നീതം എത്തിക്കുന്ന ദൗത്യത്തിലാണ് ഇപ്പോള്‍ കമ്പനി.

Top