ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് കമ്പനി വഹിക്കണമെന്ന് അബുദാബി

ഗോള്‍ഡന്‍ വിസയില്‍ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവ് കമ്പനി വഹിക്കണമെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലാണ് 10 വര്‍ഷ കാലാവധിയുള്ള ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

ഇങ്ങനെയുള്ളവര്‍ ജോലി ചെയ്യുന്ന കമ്പനിയുമായി പ്രത്യേക തൊഴില്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കണമെന്നും വ്യക്തമാക്കി. ഇത്തരക്കാരുടെ ഇന്‍ഷൂറന്‍സ് തുക കമ്പനിയാണ് വഹിക്കേണ്ടത്. ഇതേസമയം ജോലിക്കാരല്ലാത്ത ഗോള്‍ഡന്‍ വിസക്കാര്‍ ഇന്‍ഷൂറന്‍സ് ചെലവ് സ്വയം വഹിക്കണം. നടപടികള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ജോലിക്കാര്‍ക്കും അല്ലാത്തവര്‍ക്കുമായി ആരോഗ്യ ഇന്‍ഷൂറന്‍സ് 2 വിഭാഗമാക്കി തിരിച്ചിട്ടുണ്ട്.

ജോലിയില്ലാത്ത ദീര്‍ഘകാല വിസക്കാരും കുടുംബാംഗങ്ങളും യുഎഇയില്‍ താമസ വിസ കാലാവധി കണക്കാക്കിയാണ് ഇന്‍ഷൂറന്‍സ് എടുക്കേണ്ടത്. ജോലിക്കാര്‍ക്ക് വാര്‍ഷിക ഇന്‍ഷൂറന്‍സാണ് കമ്പനി നല്‍കുക. ഇന്‍ഷൂറന്‍സ് എടുക്കാത്തവര്‍ സ്വന്തം നിലയ്ക്ക് ചികിത്സാ ചെലവ് വഹിക്കാമെന്ന സമ്മതപത്രം നല്‍കണം. അബുദാബിയിലെ താമസം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌ക്കാരം.

അബുദാബി റെസിഡന്റ്സ് ഓഫീസുമായി ചേര്‍ന്ന് ഗോള്‍ഡന്‍ വിസ അപേക്ഷാ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അബുദാബി താമസക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക വികസന വിഭാഗം എക്സിക്യൂട്ടീവ് അഫയേഴ്സ് ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സമേഹ് അല്‍ ഖുബൈസി പറഞ്ഞു. രാജ്യാന്തര ബിസിനസ്, വിനോദസഞ്ചാര, സുരക്ഷിത താമസ കേന്ദ്രമാക്കി മാറ്റുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

 

Top