കോണ്‍ഗ്രസ് ഐടി സെല്‍ അംഗം പീഡിപ്പിച്ചെന്ന് ; ദിവ്യ സ്പന്ദനയ്‌ക്കെതിരെയും പരാതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ ഐടി സെല്‍ വിഭാഗത്തിലെ അംഗം പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിന്മേല്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കോണ്‍ഗ്രസ് നേതാവായ ചിരാഗ് പട്നായിക്കിനെതിരെയാണ് ഐടി സെല്‍ മുന്‍ അംഗമായ യുവതിയെ പീഡിപ്പിച്ചെന്ന് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്.

ചിരാഗ് പട്നായിക് തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. പല തവണ വിലക്കിയട്ടും ഇയാള്‍ ശല്യം തുടരുകയായിരുന്നെന്നും യുവതി പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അധ്യക്ഷ ദിവ്യ സ്പന്ദനയ്ക്ക് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും യുവതി വ്യക്തമാക്കുന്നു, കുറ്റവാളിക്കെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല, തന്നെ മോശമായി ചിത്രീകരിക്കാനും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അപമാനിക്കാനും ദിവ്യ ശ്രമിച്ചതായും യുവതി ആരോപിക്കുന്നുണ്ട്. ഒടുവില്‍ ശല്യം സഹിക്കാനാവാതെ മേയ് 17ന് രാജിക്കത്ത് നല്‍കിയിട്ടും 24ന് മാത്രമാണ് സ്വീകരിച്ചതത്രേ.

അതേസമയം, ഐടി സെല്ലിലെ ഒരാള്‍ മുന്‍ ജോലിക്കാരിയായ യുവതിയോട് മോശമായ പെരുമാറിയിട്ടുള്ളതായി വിശ്വസിക്കുന്നില്ലെന്നും യുവതി ജോലി രാജിവെച്ചത് ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ മൂലമാണെന്നുമാണ് ദിവ്യ സ്പന്ദന സംഭവത്തില്‍ നല്‍കിയ പ്രതികരണം.

Top