രാജ്യത്ത് സാമൂഹ വ്യാപനം നടന്നുകഴിഞ്ഞു; ഐസിഎംആര്‍ വാദം തള്ളി വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പല ഭാഗങ്ങളിലും കോവിഡ് സാമൂഹ്യവ്യാപനം നടന്നുകഴിഞ്ഞെന്നും കേന്ദ്രസര്‍ക്കാര്‍ ഈ സത്യം അംഗീകരിച്ചേ മതിയാകൂ എന്നും വിദഗ്ധര്‍. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ദിനം പ്രതി കുത്തനെ ഉയരുമ്പോഴും കോവിഡ് 19 സാമൂഹ്യവ്യാപനത്തിലേയ്ക്ക് കടന്നിട്ടില്ലെന്ന ഐസിഎംആറിന്റെ നിലപാടിനെ വിമര്‍ശിച്ചായിരുന്നു വിദഗ്ധരുടെ പ്രതികരണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യവ്യാപനം നടന്നുകഴിഞ്ഞു എന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. എം.സി മിശ്ര പറയുന്നത്.ഇതര തൊഴിലാളികളുടെ കൂട്ട പലായനവും ലോക്ക്ഡൗണ്‍ ഇളവുകളും വന്നതോടെ രോഗവ്യാപനം വളരെ വേഗത്തിലാക്കിയെന്നും ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ഇടങ്ങളിലും രോഗാണുക്കള്‍ എത്തിച്ചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ സാമൂഹ്യവ്യാപനം ഇല്ലെന്ന ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവയുടെ പ്രസ്താവനയെയും ഡോ. മിശ്ര തള്ളിക്കളഞ്ഞു. സാമൂഹ്യ വ്യാപനമില്ലെന്ന നിഗമനത്തിലെത്തിച്ചേരുന്നതിന് ഐസിഎംആര്‍ നടത്തിയ സീറോ സര്‍വേയില്‍ 65 ഓളം ജില്ലകളില്‍ നിന്ന് 26,400 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്. രോഗവ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ ഇത് അപര്യാപ്തമാണ്. പ്രത്യേകിച്ച്, ഇന്ത്യയുടെ വൈവിധ്യവും വലിയ ജനസംഖ്യയും കണക്കിലെടുക്കുമ്പോള്‍. മിശ്ര ചൂണ്ടിക്കാട്ടി.

ഇന്ത്യ നേരത്തെ തന്നെ സാമൂഹ്യവ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരുന്നതായി പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യരംഗത്തെ അധികാരികള്‍ അത് അംഗീകരിക്കുന്നില്ല എന്നേയുള്ളൂവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യയില്‍ പൊതുവെ സാമൂഹ്യവ്യാപനമില്ലെന്ന ഐസിഎംആറിന്റെ വാദം അംഗീകരിച്ചാല്‍ത്തന്നെ ഡല്‍ഹി, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ സാമൂഹ്യവ്യാപനം നടന്നുകഴിഞ്ഞു എന്ന വസ്തുത നിരാകരിക്കാനാവില്ലെന്നാണ് പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. അരവിന്ദ് കുമാര്‍ ചൂണ്ടിക്കാട്ടുന്നത്.

സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോഴും രോഗവ്യാപനത്തിന്റെ തോതില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയ സാഹചര്യത്തിലാണ് വിദഗ്ധരുടെ പ്രതികരണം.

നിലവില്‍ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം പതിനായിരം ആയിരുന്നെങ്കില്‍ ഇന്ന് പതിനായിരത്തിന് മുകളിലാണ് ഒരു ദിവസം രോഗബാധിക്കുന്നവരുടെ എണ്ണം. ഇതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

Top