സാമൂഹിക വ്യാപന ആശങ്ക; മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് ആശങ്കയേറുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി മലപ്പുറം ജില്ലാഭരണകൂടം.ജനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാകളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നുണ്ടോയെന്നറിയാന്‍ പ്രത്യേക സ്‌ക്വാഡിനെ രൂപവത്കരിക്കുമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.

നിലവില്‍ 218 രോഗികളാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 169 പേരും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ബാക്കി ഉള്ളവര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ കഴിയുകയാണെന്നും കലക്ടര്‍ പറഞ്ഞു.

കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയാണ് ഇത്തരം സെന്ററുകളിലേക്ക് മാറ്റുന്നത്. ഇത്തരത്തില്‍ സഫ കാളികാവ് സെന്ററില്‍ 42 പേരും സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ബോയിസ് ഹോസ്റ്റലില്‍ ഏഴുപേരുമാണ് ചികിത്സയിലുള്ളതെന്നും കളക്ടര്‍ വ്യക്തമാക്കി.

ഇത് വരെ ജില്ല സുരക്ഷിതമായ നിലയിലായിരുന്നു. എന്നാല്‍ ശനിയാഴ്ച 47 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി.

12 കേസുകള്‍ ഉറവിടമറിയാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ എട്ട് കേസുകളുടെ ഉറവിടം കണ്ടെത്തിയെന്നും ബാക്കി നാല് രോഗികളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കളക്ടര്‍ വ്യക്തമാക്കി.

അതേസമയം പൊന്നാനി താലൂക്കില്‍ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു. നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കും. വട്ടംകുളം, മാറഞ്ചേരി, എടപ്പാള്‍, ആലങ്കോട് പഞ്ചായത്തുകള്‍ പൂര്‍ണമായും പൊന്നാനി നഗരസഭ ഭാഗികമായും കണ്ടെയിന്‍മെന്റ് മേഖലയാക്കാനാണ് ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തിരിക്കുന്നത്. നാല് കൊവിഡ് ബാധിതരുടെ രോഗ ഉറവിടം കണ്ടെത്താനായില്ല. അതേസമയം, നിലവില്‍ സമൂഹ വ്യാപനമുള്ളതായി സൂചനയില്ലെന്ന് മലപ്പുറം ജില്ല കളക്ടര്‍ പറഞ്ഞു.

എടപ്പാളില്‍ ഡോക്ടര്‍മാരടക്കം അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മലപ്പുറത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

Top