‘തലപൊക്കാൻ സമുദായ നേതാക്കൾ, ചെങ്കൊടിയാണ് അവർക്ക് പ്രധാനശത്രു

പിണറായി ഭരണമേറ്റതോടെ മാളത്തില്‍ ഒളിച്ച സാമുദായിക സംഘടന നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും സജീവമാകുന്നു. പ്രതിപക്ഷത്തെ സ്ഥാനാര്‍ത്ഥി മോഹികളാണ് സീറ്റുകള്‍ ലക്ഷ്യമിട്ട് സാമുദായിക നേതാക്കളെ സമീപിച്ച് കൊണ്ടിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും മുതല്‍ മുസ്ലീം, ക്രൈസ്തവ നേതാക്കളെ വരെ സ്വാധീനിക്കാനാണ് അണിയറയില്‍ ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് രമേശ് ചെന്നിത്തലയെ മന്ത്രിയാക്കിയിരുന്നത് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യമായി ഭീഷണി മുഴക്കിയ ശേഷമാണ്. മറ്റൊരു കോണ്‍ഗ്രസ്സ് നേതാവ് അടൂര്‍ പ്രകാശിനെ മന്ത്രിയാക്കിയതും റവന്യൂ വകുപ്പ് തന്നെ നല്‍കിച്ചതും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമ്മര്‍ദ്ദഫലമായിട്ടാണ്. ഇതെല്ലാം പരസ്യമായ രഹസ്യമാണ്.

യു.ഡി.എഫ് എം.എല്‍.എമാരുടെ ബാക്ക് ഹിസ്റ്ററി പരിശോധിച്ചാല്‍ അവയില്‍ മിക്കതിലും ഇതുപോലെ സാമുദായിക സംഘടനകളുടെ ഒരു പിന്‍ബലം വ്യക്തമാകുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന മുസ്ലീം ലീഗ് നേതാവ് പി.വി അബ്ദുള്‍ വഹാബ് സമസ്തയുടെ പിന്തുണയിലാണ് നിലവില്‍ മുന്നോട്ട് പോകുന്നത്. മധ്യ തിരുവതാംകൂറിലെ ക്രൈസ്തവ മേഖലയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെയാണ് ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുടെ പിന്തുണ സീറ്റിനായി തേടിയിരിക്കുന്നത്. യു.ഡി.എഫ് സീറ്റ് നിര്‍ണ്ണയത്തില്‍ മത നേതാക്കള്‍ക്കുള്ള സ്വാധീനം വ്യക്തമാക്കുന്ന നീക്കങ്ങളാണിത്. ബിഷപ്പുമാരുടെ ആസ്ഥാനങ്ങളില്‍ ഖദര്‍ ധാരികള്‍ കയറി ഇറങ്ങുന്നതിപ്പോള്‍ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കെ.വി തോമസും സഭയുടെ പിന്തുണയിലാണ് കരുക്കള്‍ നീക്കുന്നത്. യു.ഡി.എഫില്‍ സമസ്തയുടെ നിര്‍ദ്ദേശം ലീഗിനും ക്രൈസ്തവ പുരോഹിതരുടെ താല്‍പ്പര്യങ്ങള്‍ കോണ്‍ഗ്രസ്സിനും അവഗണിക്കാന്‍ കഴിയുന്നതല്ല. മുന്‍കാല ചരിത്രവും അതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ വിറപ്പിച്ചിരുന്ന എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായര്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത്. യു.ഡി.എഫ് ഭരണത്തില്‍ കിട്ടുന്ന ‘പവര്‍’ ഇടതുപക്ഷ ഭരണത്തില്‍ ലഭിക്കാതിരിക്കുന്നതില്‍ വെള്ളാപ്പള്ളിയും കടുത്ത നിരാശയിലാണ്. അതേസമയം ഈ സമുദായ നേതാക്കള്‍ക്കെല്ലാം വ്യക്തിപരമായി ആളാകാന്‍ കഴിഞ്ഞില്ലെങ്കിലും ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ ജാതി – മത – വര്‍ഗ്ഗ ഭേദമന്യേ ജനങ്ങള്‍ക്ക് ലഭിച്ച കാലഘട്ടമാണിത്.

പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ ഏതാനും ചിലത് മാത്രമാണ് പൂര്‍ത്തീകരിക്കാനായി പിണറായി സര്‍ക്കാറിന് മുന്നിലുള്ളത്. നടപ്പാക്കിയ പദ്ധതികള്‍ പരിശോധിച്ചാല്‍ യു.ഡി.എഫ് അനുകൂലികളായ മത നേതാക്കള്‍ക്ക് പോലും എതിര്‍പ്പ് ചൂണ്ടിക്കാട്ടാനുണ്ടാവില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. നിലപാടുകളുടെ കാര്യത്തിലും ആരെയും ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി പിണറായി പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് അവര്‍ക്ക് സുരക്ഷിത ബോധമുണ്ടാക്കാന്‍ ശ്രമിച്ചു എന്നത് തന്നെയാണ് പിണറായി സര്‍ക്കാറിന്റെ പ്രധാന നേട്ടം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ചത് പിണറായി സര്‍ക്കാറാണ്. അതിനായി കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച ശേഷമാണ് കോണ്‍ഗ്രസ്സ് ഭരിക്കുന്ന സര്‍ക്കാറുകള്‍ പോലും ആ പാത പിന്‍തുടര്‍ന്നിരുന്നത്.

എന്തിനേറെ സാക്ഷാല്‍ മമത ബാനര്‍ജിക്ക് പോലും പിണറായി സര്‍ക്കാറിനെ കണ്ടു പഠിക്കേണ്ടി വന്നിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയ സമരത്തിന് നേതൃത്വം കൊടുത്തതും ഇടതുപക്ഷ പാര്‍ട്ടികളാണ്. 80 ലക്ഷം പേരാണ് മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്തിരുന്നത്. രാജ്യത്തെ മറ്റൊരു പാര്‍ട്ടിക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത പങ്കാളിത്തമാണിത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ച സമരം കൂടിയായിരുന്നു ഇത്. മാത്രമല്ല മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം മുന്നോക്ക വിഭാഗത്തിലും ക്രൈസ്തവ വിഭാഗങ്ങളിലും വലിയ ആവേശവും ഉണ്ടാക്കിയിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങള്‍ക്കായി വിവിധ ക്ഷേമ പദ്ധതികളും ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

കേരള ചരിത്രത്തില്‍ തന്നെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തതും കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കിയ സര്‍ക്കാറുകളാണ്. ഇതിനെല്ലാം പുറമെ ഒരു ജാതിയിലും മതത്തിലും പെടാതെ ജീവിക്കുന്നവര്‍ക്കായും സര്‍ക്കാര്‍ വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാര്യങ്ങളൊക്കെയാണ് വിവാദങ്ങള്‍ക്കിടയിലും വീണ്ടും അധികാര തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം ഇടതുപക്ഷത്തിനിപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇതു തന്നെയാണ് ചില സമുദായ നേതാക്കളുടെയും ചങ്കിടിപ്പിച്ചിരിക്കുന്നത്.

ഇനിയൊരു അഞ്ചു വര്‍ഷം കൂടി ‘ഇടപെടലുകള്‍’ നടക്കാതിരിക്കുന്ന അവസ്ഥ അവരെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. ഭരണം മാറണമെന്നും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ മന്ത്രിമാരാകണമെന്നുമാണ് വെള്ളാപ്പള്ളിയും സുകുമാരന്‍നായരും അടക്കമുള്ളവര്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് സ്ഥാനാര്‍ത്ഥി മോഹികളും സാമൂദായിക നേതാക്കളുടെ പിന്നാലെയിപ്പോള്‍ കൂടിയിരിക്കുന്നത്.

Top