കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തുന്നത് ആരോടുമുള്ള മത്സരമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കമ്മ്യൂണിറ്റി കിച്ചനില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പാസ്സ് നല്‍കുമ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് അടക്കം പാസ്സ് നല്‍കാതെ വിവേചനപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണത്തിനെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. കമ്മ്യൂണിറ്റി കിച്ചനുകള്‍ നടത്തുക എന്നത് ആരോടുമുള്ള മത്സരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

നിലവില്‍ വികേന്ദ്രീകൃതമായി കമ്മ്യൂണിറ്റി കിച്ചനുകള്‍ സുഗമമായി തന്നെ മുന്നോട്ടുപോകുന്നുണ്ട്. എന്നാല്‍ അപൂര്‍വ്വം ചിലയിടങ്ങളില്‍ അനാവശ്യമായ പ്രവണതകള്‍ ഉണ്ട്. ചിലയിടത്ത് കമ്മ്യൂണിറ്റി കിച്ചനുകളില്‍ പ്രവര്‍ത്തിക്കുക എന്നത് മത്സരരൂപത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇതൊന്നും ശരിയല്ലെന്ന് മുഖ്യമന്ത്രി പറയുന്നു.

പത്തനംതിട്ട ജില്ലയില്‍ നിന്നാണ് ഇങ്ങനെയൊരു വിവരം കേട്ടത്. ഒന്‍പത് സ്ഥലങ്ങളില്‍ മത്സരസ്വഭാവത്തോടെ സമാന്തര കിച്ചണ്‍ നടത്തുന്നു. ഇതിലൊന്നും മത്സരിക്കേണ്ടതില്ല എന്ന് മനസ്സിലാക്കണം. ആവശ്യത്തിനാണ് ഇടപെടല്‍ ഉണ്ടാവേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ ഉപയോഗിച്ച് കമ്മ്യൂണിറ്റി കിച്ചനിലൂടെ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുന്ന സംവിധാനമാണ് ഉണ്ടായത്. അതില്‍ അനാവശ്യമായ മത്സരത്തിന് തയ്യാറായി മുന്നോട്ട് വരുമ്പോള്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകും. എന്തെങ്കിലും കുഴപ്പം ഭക്ഷണത്തിന് വന്നാല്‍ സ്ഥിതി വഷളാകും. അത്തരത്തില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണസംവിധാനം ഫലപ്രദമായി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top