അധികൃതര്‍ കണ്ണടച്ചു;കോവിഡില്‍ വഴിമുട്ടിയ ആദിവാസി കോളനിയില്‍ സമൂഹ അടുക്കള തുറന്ന് ‘കൂടെ’

നിലമ്പൂര്‍: കോവിഡ് വ്യാപനത്തില്‍ ഉപജീവനത്തിനു പോലും വഴിയില്ലാതെ പട്ടിണിയിലായ ആദിവാസി കോളനിക്കാരെ അധികൃതര്‍ കൈവിട്ടപ്പോള്‍ ഏനാന്തി മുക്കര്‍ശി കോളനിയില്‍ സമൂഹ അടുക്കള തുറന്ന് മാതൃകയായി ‘കൂടെ’. കോവിഡ് വ്യാപനം രൂക്ഷമായ മുക്കര്‍ശി കോളനിയില്‍ ക്വാറന്റീനില്‍ കഴിയുന്ന 72 പേര്‍ക്കാണ് മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കൂടെ സന്നദ്ധ സംഘടന മൂന്നു നേരം ഭക്ഷണം നല്‍കാന്‍ സമൂഹ അടുക്കള തുറന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോളനിയിലെ മുഴുവന്‍ പേരും ക്വാറന്റീനിലാണ്. തൊഴിലിനു പോകാനാവാഞ്ഞതോടെ ഭക്ഷണത്തിന് വഴിയില്ലാത്ത ദുരിതത്തിലായിരുന്നു എല്ലാവരും. നഗരസഭ അധികൃതര്‍ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയെങ്കിലും കോളനിക്കാരുടെ പട്ടണി അകറ്റാന്‍ വഴികണ്ടില്ല. ഇതോടെയാണ് ഇവരുടെ ദുരിതമറിഞ്ഞാണ് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ കൂടെ പ്രവര്‍ത്തകര്‍ സമൂഹ അടുക്കള തുറന്നത്.

കോവിഡ് വ്യാപനം കാരണം നഗരസഭയിലെ ആദിവാസി ദലിത് കോളനിക്കാര്‍ തൊഴിലില്ലാതെ പട്ടിണിയിലാണെന്നും മുഴുവന്‍ കോളനികളിലും നഗരസഭ ഇടപെട്ട് സമൂഹ അടുക്കളകള്‍ തുറക്കണമെന്നും കൂടെയുടെ സമൂഹ അടുക്കള ഉദ്ഘാടനം ചെയ്ത് സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം, എ. ഗോപിനാഥ്, പാലോളി മെഹബൂബ്, അഡ്വ. ഷെറി ജോര്‍ജ്, സുരേഷ് പാത്തിപ്പാറ പ്രസംഗിച്ചു.

 

Top