ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം; നൂറാം വാര്‍ഷികാഘോഷം

തിരുവനന്തപുരം: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്‌റെ ഉദ്ഘാടനം
ഇന്ന് വൈകിട്ട് ആറിന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ ദിവസങ്ങളില്‍ ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രഭാഷണങ്ങളും വെബിനാറുകളും നടക്കും.

സംസ്ഥാന വ്യാപകമായി എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും രാവിലെ രക്തപതാക ഉയര്‍ത്തും. അഞ്ച് പേര്‍ വീതം കൊവിഡ് മാനദണ്ഡം പാലിച്ച് ഓരോ കേന്ദ്രത്തിലും പങ്കെടുക്കും. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും വെബിനാര്‍ സംഘടിപ്പിക്കും.

താഷ്‌കന്റില്‍ 1920 ഒക്ടോബര്‍ 17ന് രൂപീകൃതമായതാണ് സി.പി.എം ഔദ്യോഗികമായി കണക്കാക്കുന്നതെന്നും എന്നാല്‍ സി.പി.ഐ സ്ഥാപക സമ്മേളനമായി 1925ല്‍ കാണ്‍പൂരില്‍ ചേര്‍ന്ന സമ്മേളനത്തെയാണ് കണക്കാക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ട്. അല്ലാതെ സ്ഥാനമാനങ്ങളെ ചൊല്ലിയല്ല ഇടതുമുന്നണിയില്‍ തര്‍ക്കമുണ്ടാകാറെന്നും കോടിയേരി പറഞ്ഞു.

Top