‘കമ്യൂണിസ്റ്റാണ്, വഴിതെറ്റിക്കയറിയ അപരിചിത സഞ്ചാരിയല്ല’; കോടതി വിധിയില്‍ എന്‍.എന്‍ കൃഷ്ണദാസ്

തിരുവനന്തപുരം: ഇഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്ന കേസിലുണ്ടായി വിധിയില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗവും മുന്‍ എംപിയുമായ എന്‍എന്‍ കൃഷ്ണദാസ്.

ഇങ്ങനെയൊ ഇതിലും വലുതോ സംഭവിക്കും എന്നറിഞ്ഞട്ടാണ് ഒരാള്‍ കമ്മ്യൂണിസ്റ്റാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസ് ഉണ്ടാവുന്നതും, അതില്‍ ചിലപ്പോള്‍ ശിക്ഷ വിധിക്കുന്നതും ചിലര്‍ക്ക് അസാധാരണമായി തോന്നാം. ഞങ്ങള്‍ക്ക് ഇതൊക്കെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇതിനൊന്നും ഒരു പ്രാധാന്യവും കണക്കാക്കുന്നില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

എന്‍.എന്‍ കൃഷ്ണദാസിന്റെ വാക്കുകള്‍

ഒരു കോടതി വിധി സംബന്ധിച്ച വാര്‍ത്തകളുടെ നിജസ്ഥിതി വ്യക്തമാക്കാനാണ് ഇതെഴുതുന്നത്. പാലക്കാട് ഇ. എസ്. ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി ; ആശുപത്രി സൂപ്രണ്ടിന്റെ കൃത്യവിലോപം തടസ്സപ്പെടുത്തി എന്നൊക്കെയുള്ള കുറ്റങ്ങള്‍ ചുമത്തി എനിക്കും, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ആയിരുന്ന സഖാവ് ജോസിനും എതിരെ പാലക്കാട് സിജെഎം കോടതി ശിക്ഷ വിധിച്ചു. 2015ല്‍ ഉമ്മന്‍ ചാണ്ടി ഭരണ കാലത്താണ് കേസിനാസ്പദമായ ‘സംഭവം’ ഉണ്ടായത്.

പാലക്കാട് ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് ഇഎസ്‌ഐ ആനുകൂല്യമുള്ള തൊഴിലാളികള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് തൊഴിലാളികളായ ചികിത്സാര്‍ഥികളില്‍ നിന്ന് അനധികൃതമായി പണം ചോദിക്കുകയും, അത് നല്‍കാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുകയും ചെയ്യുന്നത് നിത്യ സംഭവമായിരുന്നു. അതിനിടയില്‍ ഭിന്നശേഷിക്കാരി കൂടിയായ ഒരു തൊഴിലാളി സ്ത്രീക്ക് ഉയര്‍ന്ന ചികിത്സാവശ്യത്തിനുള്ള റഫറന്‍സ് സെര്‍ട്ടിഫിക്കറ്റ് നല്‍കാതെ അവരെ ദിവസങ്ങളോളം നടത്തി ബുദ്ധിമുട്ടിച്ചു അവിടത്തെ ആശുപത്രി സൂപ്രണ്ട്. ഇതറിഞ്ഞു ഒരു കൂട്ടം സഖാക്കള്‍ അവിടെയെത്തി ഈ അന്യായത്തിനെതിരെ സൂപ്രണ്ട് ഓഫീസ് മുന്‍ വശത്ത് കുത്തിയിരുന്നു.

വിവരം അറിഞ്ഞപ്പോള്‍ ഈയുള്ളവനും അവിടെയെത്തി. അധികം വൈകാതെ സമരം അവസാനിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങള്‍ക്കെതിരെ മേല്‍പ്പറഞ്ഞ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ആ കേസ് പാലക്കാട് സിജെഎം കോടതിയില്‍ ആയിരുന്നു. കഴിഞ്ഞ 15ന് മേല്‍ സൂചിപ്പിച്ച പ്രകാരം വിധി കല്‍പ്പിച്ചു. ആ സമയം തന്നെ ഞങ്ങള്‍ക്ക് വേണ്ടി ഹാജരായിരുന്ന വക്കീല്‍മാര്‍ കേസിനു സ്‌റ്റേ വാങ്ങുകയും പിറ്റേ ദിവസം തന്നെ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തിട്ടുള്ളതാകുന്നു.

വര്‍ഷങ്ങളായി തുടരുന്ന പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഇതൊക്കെ സാധാരണ സംഭവമായി കാണുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതിനിടയില്‍ ദിവസങ്ങള്‍ക്കു ശേഷം എന്തോ വലിയൊരു കണ്ട് പിടിത്തം നടത്തിയപോലെ ചില മാധ്യമങ്ങള്‍ ഇതൊരു ‘വന്‍’ സംഭവമാക്കിയത്‌കൊണ്ടാണ് ഈ കുറിപ്പ്. ഇങ്ങനെയൊക്കെയോ, ചിലപ്പോള്‍ ഇതിലും വലുതോ സംഭവിക്കും എന്നറിഞ്ഞട്ടല്ലേ ഒരാള്‍ കമ്മ്യൂണിസ്റ്റ് ആവുന്നത്! കമ്മ്യൂണിസ്റ്റുകാര്‍ ആ പാര്‍ട്ടി തന്നെ തെരെഞ്ഞെടുക്കുന്നത്, വഴിതെറ്റിക്കയറിയ അപരിചിത സഞ്ചാരികളെ പോലെ അല്ലാത്തത് കൊണ്ടാണ്.

അതുകൊണ്ട് ഇങ്ങനെ ഒരു കേസ് ഉണ്ടാവുന്നതും, അതില്‍ ചിലപ്പോള്‍ ശിക്ഷ വിധിക്കുന്നതും ചിലര്‍ക്ക് അസാധാരണമായി തോന്നാം. ഞങ്ങള്‍ക്ക് ഇതൊക്കെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇതിനൊന്നും ഒരു പ്രാധാന്യവും കണക്കാക്കുന്നില്ല.

Top