‘വിപ്ലവസൂര്യന്‍’ വി.എസ് അച്യുതാനന്ദന് ഇന്ന് 96ാം ജന്മദിനം

vs

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് ‘സഖാവ് വിഎസ്’ എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന് ഇന്ന് 96ാം പിറന്നാൾ. രാഷ്ട്രീയ എതിരാളിയുടെ അധിക്ഷേപത്തിന് ചുട്ട മറുപടിയും നൽകി പൊതുരംഗത്ത് നിറഞ്ഞ് നിൽക്കുന്ന വിഎസിന് പ്രായമെന്നത് തന്നെ സംബന്ധിച്ചിടത്തോളം വെറും അക്കം മാത്രമാവുകയാണ്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വിഎസ്, 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ഉറച്ചുനിന്നു. 1964ല്‍ ഇറങ്ങിപ്പോന്നവരില്‍ ജീവിച്ചിരിക്കുന്ന നേതാവും വിഎസ് തന്നെ.

1923 ഒക്ടോബര്‍ 20നാണ് വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി വിഎസിന്റെ ജനനം. നാല് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. 11ാം വയസ്സില്‍ അച്ഛനും മരിച്ചപ്പോള്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി. സഹോദരനൊപ്പം തയ്യല്‍ ജോലിയും പിന്നീട് കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. കയര്‍ ഫാക്ടറിയിലെ തൊഴിലാളി ജീവിതമാണ് വിഎസിനെ നേതാവാക്കുന്നത്. 1946ലെ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്ത വിഎസിന് കടുത്ത പൊലീസ് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു.

23 വര്‍ഷം പൊളിറ്റ് ബ്യൂറോ അംഗം, ഇന്ന് കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവ്, പതിനഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവ്, അഞ്ച് വര്‍ഷം മുഖ്യമന്ത്രി, നിലവില്‍ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെയാണ് വി.എസ് ജനമനസില്‍ ഇടം നേടിയത്. എല്ലാ പിറന്നാളിലേതും പൊലെ ജനകീയ കമ്മ്യൂണിസ്റ്റിന്‍റെ ഈ പിറന്നാളിനും ആഘോഷം ലളിതമായിരിക്കും.

Top