ബി.ജെ.പി സർക്കാറുകൾ സ്വീകരിച്ചതല്ലേ . . . യഥാർത്ഥത്തിൽ ചങ്കുറപ്പുള്ള നിലപാടുകൾ ?

തിരുവനന്തപുരം: കോടികളുടെ സാമ്രാജ്യം പണിത ആള്‍ദൈവങ്ങളായ ആശാറാം ബാപ്പുവിനെയും ഗുര്‍മീത് റാം റഹീം സിങിനെയും ജയിലിലടച്ചത് സംഘിസര്‍ക്കാരുകള്‍. കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ പീഢന വീരന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിച്ചത് 80 ദിവസം.

കൊച്ചിയില്‍ നീതി തേടി കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ അപഥസഞ്ചാരമെന്നു അവഹേളിച്ച സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കമ്യൂണിസ്റ്റ് സര്‍ക്കാരും നാണക്കേടാവുന്നത് കേരളത്തിനാണ്.

സമ്പൂര്‍ണ സാക്ഷരരരും സംസ്‌ക്കാര സമ്പന്നരരും മതേതരവാദികളുമെന്നു നാഴികക്ക് നാല്‍പ്പതു വട്ടം വീമ്പടിക്കുന്ന കേരളത്തിലാണ് പുരോഗമന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കത്തോലിക്കാ ബിഷപ്പിന് 80 ദിവസം നിയമവിരുദ്ധമായ സംരക്ഷണം ഒരുക്കിയത്. ഗതിയില്ലാതെ ബിഷപ്പിനെ അറസ്റ്റു ചെയ്യേണ്ടി വന്നിട്ടും കന്യാസ്ത്രീകളെയും നീതിക്കായി സമരം ചെയ്തവരെയും ആക്രമിക്കുന്ന സി.പി.എം നിലപാടാണ് ഇടതുപക്ഷത്തിനു തന്നെ നാണക്കേടാവുന്നത്.

4500 കോടിയുടെ സാമ്രാജ്യം പണിത ആശാറാം ബാപ്പു എന്ന ആള്‍ദൈവത്തിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചെന്ന പരാതി വന്നപ്പോള്‍ ദിവസങ്ങള്‍ക്കകമാണ് ഒരു വി.ഐ.പി പരിഗണനയും നല്‍കാതെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. ലോകത്താകമാനം 450 തിലേറെ ആശ്രമങ്ങളും കോടിക്കണക്കിന് അനുയായികളും സ്വന്തമായി ടി.വി ചാനലും വരെയുണ്ടായിരുന്ന ആശാറാം ബാപ്പു രാജസ്ഥാനിലെ ജോധ്പൂരിലെ ആശ്രമത്തില്‍ 16 വയസുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചെന്നായിരുന്നു പരാതി.

2013 ആഗസ്റ്റ് 15ന് വിദ്യാര്‍ത്ഥിനിയെ സഹായികള്‍ ആശീര്‍വാദം നല്‍കാന്‍ ആശ്രമത്തിലെത്തിച്ചപ്പോഴായിരുന്നു ബലാത്സംഗം. പിതാവ് മെഡിക്കല്‍ രേഖകള്‍ സഹിതം ഡല്‍ഹി പോലീസിനു പരാതി നല്‍കി. ഡല്‍ഹി പോലീസ് ആഗസ്റ്റ് 31ന് ചോദ്യചെയ്യാന്‍ ഹാജരാകാന്‍ ആശാറാം ബാപ്പുവിന് നോട്ടീസ് നല്‍കി. ഹാജരാകാത്ത ആള്‍ദൈവത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് ഒഴിവാക്കാന്‍ ഇന്‍ഡോറിലെ ആശ്രമത്തില്‍ അനുയായികളുടെ സംരക്ഷണത്തിലായിരുന്നു ബാപ്പു കഴിഞ്ഞത്.

പോലീസിനെയും മാധ്യമപ്രവര്‍ത്തകരെയും അനുയായികള്‍ കായികമായി നേരിട്ടെങ്കിലും 2013 സെപ്തംബര്‍ 1ന് ആശ്രമത്തില്‍ പ്രവേശിച്ച ജോധ്പൂര്‍ പോലീസ് ആശാറാംബാപ്പുവിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ആശാറാംബാപ്പു ഇപ്പോള്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയും പീഢനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. കേസില്‍ ഒരിടത്തും ആശാറാം ബാപ്പുവിനെ രക്ഷിക്കാനോ സംരക്ഷിക്കാനോ സംഘപരിവാറോ ബി.ജെപി സര്‍ക്കാരോ രംഗത്തുവന്നില്ല.

ആറു കോടി അനുയായികളും 190 കോടിയുടെ ആസ്തിയുമുള്ള ദേര സച്ച സൗദ ആത്മീയ ആചാര്യന്‍ ഗുര്‍മീത് റാം റഹീം സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍ത്സംഗം ചെയ്തതതിന് 20 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. മൂന്നു ലക്ഷത്തോളം അനുയായികളെ തെരുവിലിറക്കി കലാപം നടത്തിയിട്ടും ഹരിയാനയിലെ സിര്‍സയിലെ 800 ഏക്കറിലെ ആഢംഭര ആശ്രമത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ പോലീസിന്റെ സഹായത്തോടെയാണ് സി.ബി.ഐ സംഘം റാം റഹീം സിങിനെ അറസ്റ്റു ചെയ്തത്.

ദേശീയതലത്തില്‍ പീഢനവീരന്‍മാരായ ആള്‍ദൈവങ്ങള്‍ക്ക് സംഘപരിവാര്‍ നല്‍കാത്ത സംരക്ഷണമാണ് കേരളത്തിലെ പീഢനവീരന്‍ ഫ്രാങ്കോ ബിഷപ്പിനു ലഭിച്ചത്. ലൈംഗികമായി പീഢിപ്പിച്ചെന്ന പരാതി ലഭിച്ചിട്ടും അറസ്റ്റു ചെയ്യാനുള്ള പ്രാഥമിക തെളിവുകളും മൊഴികളും ലഭിച്ചിട്ടും 80 ദിവസമാണ് ബിഷപ്പിനെ പോലീസ് സംരക്ഷിച്ചത്. ലൈംഗിക പീഢന പരാതിയില്‍ കോവളം എം.എല്‍.എ വിന്‍സെന്റിനും നടിയ പീഢിപ്പിച്ച കേസില്‍ ഇരയുടെ പരാതിപോലും ഇല്ലാതെ നടന്‍ ദിലീപിനെ അറസ്റ്റു ചെയ്ത് ജയിലിലടക്കാനും ശുഷ്‌കാന്തികാണിച്ച പോലീസും ഇടതു സര്‍ക്കാരുമാണ് ബിഷപ്പിനും സഭക്കും മുന്നില്‍ മുട്ടിലിഴഞ്ഞത്.

റിപ്പോര്‍ട്ട്: എം. വിനോദ്‌

Top