‘കമ്യൂണിസ്റ്റ് മുക്ത കേരളം’ ഇനി ലക്ഷ്യം, ഇടതിനെതിരെ പരിവാറിന്റെ നീക്കം !

കോണ്‍ഗ്രസ്സ് മുക്ത ഭാരതമാണ് ‘ ദേശീയ തലത്തില്‍ ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍, കേരളത്തിലെ സംഘപരിവാര്‍ സംഘടനകളുടെ ലക്ഷ്യം, കമ്യൂണിസ്റ്റ് മുക്ത കേരളമാണ്.അത്രയ്ക്കും വലിയ ‘പക’ ചുവപ്പിനോട് ഇവിടുത്തെ പരിവാറുകാര്‍ക്കുണ്ട്. പ്രത്യേയ ശാസ്ത്രപരമായ വിയോജിപ്പില്‍ തുടങ്ങി, പരപ്പരം കണ്ടാല്‍ മിണ്ടാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക്, ഈ ശത്രുത ഇരു വിഭാഗത്തെയും കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ട്. സി.പി.എം – ആര്‍.എസ്.എസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതും അനവധി പേരാണ്. രാജ്യത്ത് ആര്‍.എസ്.എസിന് ഏറ്റവും അധികം ബലിദാനികള്‍ ഉള്ള സംസ്ഥാനമാണ് കേരളം. അതു പോലെ തന്നെ സി.പി.എമ്മിന് നഷ്ടപ്പെട്ടതും നിരവധി പേരാണ്. സാധാരണ അണികളുടെ മുതല്‍, നേതാക്കളുടെ വരെ രക്തമാണ്, ഈ മണ്ണില്‍ വീണിരിക്കുന്നത്. രാജ്യം എത്രവട്ടം മോദി ഭരിച്ചാലും, രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ ഭരിച്ചാലും … ഉണ്ടാവാത്ത സന്തോഷമാണ്, കേരള ഭരണം ബി.ജെ.പിക്ക് പിടിക്കാന്‍ കഴിഞ്ഞാല്‍, ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന് ഉണ്ടാകുക. അത്രയ്ക്കും ‘സ്‌പെഷ്യലാണ് ‘ അവര്‍ക്ക് കേരളം. ബലിദാനികളുടെ എണ്ണത്തില്‍ മാത്രമല്ല, ആര്‍.എസ്.എസ് ശാഖകളുടെ എണ്ണത്തിലും, കേരളം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇങ്ങനെയൊക്കെ ആയിട്ടും, എന്തു കൊണ്ട് ബി.ജെ.പി കേരളത്തില്‍ ഭരണം പിടിക്കുന്നില്ല എന്നതാണ്, ആര്‍.എസ്.എസ് നേതൃത്വത്തെ നിരാശപ്പെടുത്തുന്നത്. ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി ആര്‍.എസ്.എസ് ദേശീയ നേതൃത്വവും, മോദിയും അമിത് ഷായും എല്ലാം കാണുന്നത്, ഇടതുപക്ഷത്തെയാണ്. പ്രത്യേകിച്ച് സി.പി.എമ്മിനെ.

കമ്യൂണിസ്റ്റുകള്‍ കേരളത്തിന്റെ മണ്ണില്‍ നടത്തിയ പോരാട്ടങ്ങളും, ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമാണ്, സി.പി.എമ്മിന്റെ വളര്‍ച്ചക്ക് അടിസ്ഥാന കാരണമെന്നാണ്, പരിവാര്‍ നേതൃത്വം വിലയിരുത്തുന്നത്. ഹിന്ദു ഭൂരിപക്ഷ സംസ്ഥാനത്ത്, ആ വിഭാഗത്തിലെ ബഹു ഭൂരിപക്ഷത്തിന്റെയും വോട്ടുകള്‍ ഇളക്കം തട്ടാതെ നിലനിര്‍ത്തി പോരുന്നത്, സി.പി.എമ്മിന്റെ കഴിവായി തന്നെയാണ് അവര്‍ നോക്കി കാണുന്നത്. ഈ വോട്ട് ബാങ്ക് തകര്‍ക്കാതെ, ബി.ജെ.പിക്ക് ഒരു സാധ്യതയും കേരളത്തില്‍ ഇല്ലന്ന യാഥാര്‍ത്ഥ്യവും, പരിവാര്‍ നേതാക്കള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തില്‍ അവര്‍, കമ്യൂണിസ്റ്റ് മുക്ത കേരളമെന്ന മുദ്രാവാക്യവുമായി ഇപ്പോള്‍ രംഗത്തുവരാന്‍ ശ്രമിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാറും, സി.പി.എം നേതൃത്വവും, അഴിമതിയുടെ കൂടാരമാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാറിനെ ഇറക്കിയാണ്, ആര്‍.എസ്.എസ് കളിക്കുന്നത്.

എന്നാല്‍, രാജ്യത്തെ മറ്റേത് പാര്‍ട്ടിയെ വരുതിയിലാക്കാന്‍ കഴിഞ്ഞാലും, സി.പി.എമ്മിനെ വരുതിയിലാക്കാന്‍ കഴിയില്ലന്ന യാഥാര്‍ത്ഥ്യം, സാക്ഷാല്‍ മോദിക്കു തന്നെ ഇപ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. സി.പി.എം ബോധ്യപ്പെടുത്തി കൊടുത്തു എന്നതാണ് ശരി. തമിഴ് നാട്ടിലും കേരളത്തിലും, സര്‍ക്കാറുകളെ പിരിച്ചു വിട്ടാല്‍ പോലും, പൊതു തിരഞ്ഞെടുപ്പില്‍, നിലവിലെ ഭരണ കക്ഷികള്‍ തിരിച്ചു വരുമെന്നതാണ് കേന്ദ്ര വിലയിരുത്തല്‍. അതു കൊണ്ട് തന്നെ ഈ രണ്ട് സംസ്ഥാനങ്ങളിലും, തന്ത്രപരമായ ഇടപെടലിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരിക്കുന്നത്. കേന്ദ്ര അധികാരം ഉപയോഗിച്ച് വരിഞ്ഞ് ‘മുറുക്കി’ പ്രതിസന്ധി സൃഷ്ടിക്കാനാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായാണ്, കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നത്. ഈ നീക്കത്തെ നേരിടാന്‍ കേരള സര്‍ക്കാറും സി.പി.എമ്മും തീരുമാനിച്ചിട്ടുണ്ട്. ഇ.ഡി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും, മുന്‍ മന്ത്രി തോമസ് ഐസക്ക് ഹാജരായിട്ടില്ല. ഇനിയൊട്ട് ഹാജരാകുകയുമില്ല. ഇ.ഡിക്കെതിരെ അദ്ദേഹം ഹൈക്കോടതിയെ ആണ് സമീപിച്ചിരിക്കുന്നത്. ഇ.ഡിയെ ശരിക്കും പ്രതിരോധത്തിലാക്കിയ നീക്കമാണിത്.

സ്വര്‍ണ്ണക്കടത്തു കേസില്‍, സ്വപ്ന സുരേഷിന്റെ മൊഴി മുന്‍ നിര്‍ത്തിയുള്ള നീക്കമാണ് മറ്റൊന്ന്. ഈ കേസ് ബംഗളുരുവിലേക്ക് മാറ്റണമെന്നതാണ് ഇ.ഡിയുടെ ആവശ്യം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കുരുക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ്, പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇതിനെയും നിയമപരമായും, രാഷ്ട്രീയമായും നേരിടാനാണ് സി.പി.എമ്മിന്റെ തീരുമാനം. കേരള സര്‍ക്കാറും സി.പി.എമ്മും ശക്തമായ നിലപാട് സ്വീകരിച്ചതോടെ, തന്ത്രം മാറ്റാനാണ്, ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും നിലവില്‍ തയ്യാറായിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഗവര്‍ണ്ണറെ രംഗത്തിറക്കിയിരിക്കുന്നത്. സര്‍വ്വകലാശാലാ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെതിരെ, രൂക്ഷമായാണ് ഗവര്‍ണ്ണര്‍ പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം റദ്ദാക്കിയതും, വ്യക്തമായ രാഷ്ട്രീയ താല്‍പ്പര്യം മുന്‍ നിര്‍ത്തി തന്നെയാണ്. ഈ കേസില്‍ ഹൈക്കോടതി… നിയമനം താല്‍ക്കാലികമായി സ്റ്റേ ചെയ്‌തെങ്കിലും, വാദം പൂര്‍ത്തിയായി കഴിഞ്ഞാല്‍, അന്തിമവിധി പ്രിയ വര്‍ഗ്ഗീസിന് അനുകൂലമാകുമെന്നാണ്, സി.പി.എം കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ രേഖകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കാന്‍, കണ്ണൂര്‍ സര്‍വ്വകലാശാലയും തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ്, മറ്റ് സര്‍വ്വകലാശാലകളിലേക്കും, ഗവര്‍ണ്ണര്‍ തന്റെ ഇടപെടല്‍ വ്യാപിപ്പിച്ചിരിക്കുന്നത്. ചാന്‍സലര്‍ എന്ന പദവി ഉപയോഗിച്ച് ഗവര്‍ണ്ണര്‍ നടത്തുന്ന ഇത്തരം ‘ഇടപെടലുകള്‍’ ചെറുക്കാനാണ്, ചാന്‍സലറുടെ അധികാരം കുറക്കുന്ന ബില്‍, സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. ഇതോടെ, ചിറകരിയപ്പെട്ട അവസ്ഥയിലേക്കാണ് ഗവര്‍ണ്ണര്‍ ഇനി മാറുക

മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാല്‍, ഗവര്‍ണര്‍ക്കു പകരം നിയമസഭയെ അപ്ലറ്റ് അതോറിറ്റി ആക്കാനുള്ള നിര്‍ദേശം, സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചതിനാല്‍, ആ വഴിക്കും ഇനി ഗവര്‍ണ്ണര്‍ക്ക്, സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ കഴിയുകയില്ല.ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന ഭേദഗതി ബില്ലില്‍ പോലും, ഗവര്‍ണ്ണറെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയതെന്നതും, വ്യക്തമാണ്. ബില്‍ വീണ്ടും നിയമസഭയില്‍ വരുന്നതോടെ, അത് നിയമമായി മാറും. ഇനിയും പ്രതിസന്ധിയുണ്ടാക്കാന്‍ ഗവര്‍ണ്ണര്‍ ശ്രമിച്ചാല്‍, അത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക.

സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കാന്‍, ഗവര്‍ണ്ണര്‍ക്ക് കഴിയാവുന്ന സകല മേഖലകളിലും, പ്രതിരോധം തീര്‍ക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. കടുത്ത നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാറും ഗവര്‍ണ്ണറും പോയാല്‍, അതിനെ നേരിടാനും ഇടതുപക്ഷം തയ്യാറാണ്. കേരളത്തില്‍ എപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും, ഭരണത്തില്‍ വരാന്‍ കഴിയുമെന്നതാണ്, സി.പി.എമ്മിന്റെ ആത്മവിശ്വാസം. ചെങ്കൊടിയുടെ ഈ ആത്മവിശ്വാസം തന്നെയാണ്, ബി.ജെ.പിയുടെ നിരാശയും… ഇടതുപക്ഷത്തിന് അധികാരം നഷ്ടമായാല്‍, യു.ഡി.എഫിനാണ് സാധ്യതയെന്നതാണ്, ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ നിരാശപ്പെടുത്തുന്നത്. അടുത്ത കാലത്തൊന്നും, കേരള ഭരണം സ്വപ്നം കാണാന്‍ പോലും, നിലവിലെ സാഹചര്യത്തില്‍, ബി.ജെ.പിക്ക് കഴിയുകയില്ല.

സി.പി.എമ്മിന്റ ഹിന്ദു വോട്ട് ബാങ്ക് തകര്‍ക്കാന്‍, ആദ്യം, പിണറായി സര്‍ക്കാര്‍ മാറണമെന്ന ചിന്താഗതിയിലേക്കാണ്, ബി.ജെ.പി നേതൃത്വം എത്തിയിരിക്കുന്നത്. എന്തു സംഭവിച്ചാലും, വീണ്ടും ഒരിക്കല്‍ കൂടി ഇടതുപക്ഷം കേരളത്തില്‍ ഭരണത്തില്‍ വരരുതെന്നതാണ്, ആര്‍.എസ്.എസിന്റെയും നിലപാട്. അതായത്, ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ തോല്‍വി ഉറപ്പാക്കാന്‍, എന്തും ചെയ്യുമെന്ന് വ്യക്തം. പഴയ കോ-ലീ- ബി സഖ്യത്തെ ഓര്‍മ്മപ്പെടുത്തുന്ന നീക്കമാണിത്. യു.ഡി.എഫിനെ സംബന്ധിച്ച്, തിരികെ അധികാരത്തില്‍ വരിക എന്നതു മാത്രമാണ്, അവരുടെ പരമ പ്രധാനമായ ലക്ഷ്യം. അതിന് ആരുടെ വോട്ടും അവര്‍ സ്വീകരിക്കുകയും ചെയ്യും. സംഘപരിവാറിനോട് അനുഭാവമുള്ള കെ.സുധാകരനും, വി.ഡി സതീശനും, കോണ്‍ഗ്രസ്സ് തലപ്പത്ത് ഉള്ളതിനാല്‍, ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയുമില്ല. യു.ഡി.എഫിനു കിട്ടേണ്ട വോട്ടുകളുടെ ഒരു പങ്ക് ബി.ജെ.പി കൊണ്ടു പോയാല്‍, ഇനിയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നത് മാത്രമല്ല, യു.ഡി.എഫിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാവുകയും ചെയ്യും. ഈ തിരിച്ചറിവില്‍… തന്ത്രപരമായ ഒരു ധാരണ, സംഘപരിവാറുമായി കോണ്‍ഗ്രസ്സ് ഉണ്ടാക്കാനുള്ള സാധ്യത എന്തായാലും, തള്ളിക്കളയാന്‍ കഴിയുകയില്ല. കോണ്‍ഗ്രസ്സ് തകര്‍ന്നാല്‍ ഉണ്ടാകുന്നതിനേക്കാള്‍ ‘ഫലപ്രദമായ’ നേട്ടം, സി.പി.എം തകര്‍ന്നാലാണ് ബി.ജെ.പിക്ക് ഉണ്ടാകുക. ഇതു തന്നെയാണ് ആര്‍.എസ്.എസ് സൈതാന്തികരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ ഹിന്ദു വോട്ടുകള്‍ കണക്ക് കൂട്ടി തന്നെയാണ്, ഈ വിലയിരുത്തലും, കാവിപ്പട നടത്തിയിരിക്കുന്നത്. മുസ്ലീം – ക്രൈസ്തവ വിഭാഗങ്ങളില്‍, സി.പി.എം സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതും, ആര്‍.എസ്.എസ്- ബി.ജെ.പി നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നതാണ്. ഇതോടെയാണ്… ദേശീയ തലത്തിലെ ‘കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന’ മുദ്രാവാക്യം കേരളത്തില്‍, ‘കമ്യൂണിസ്റ്റ് മുക്ത കേരളമെന്ന’ നിലപാടായി ബി.ജെ.പി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.


EXPRESS KERALA VIEW

Top