കേരളത്തിലെ ആദ്യ ‘ലോറ’ ശൃംഖലയ്ക്ക് ഇന്ന് ടെക്‌നോപാര്‍ക്കില്‍ തുടക്കമിടുന്നു

infopark

തിരുവനന്തപുരം: ഇന്റര്‍നെറ്റ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യയായ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിനു (ഐഒടി) വേണ്ടി കേരള സര്‍ക്കാരിന്റെ സ്വതന്ത്ര, ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഐസിഫോസ് സജ്ജമാക്കിയ കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ശൃംഖലയ്ക്ക് ഇന്ന് ടെക്‌നോപാര്‍ക്കില്‍ തുടക്കമിടും.

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ഭാവിയില്‍ വ്യാപകമാകുമ്പോള്‍ അതിനുവേണ്ടി ഉപയോഗിക്കാവുന്ന ചെലവുകുറഞ്ഞതും കൂടുതല്‍ ദൂരപരിധി കിട്ടുന്നതും അതേസമയം സുരക്ഷിതവുമായ ആശയവിനിമയ ശൃംഖലയാണ് ലോറ.
കേരളത്തില്‍ ആദ്യമായാണ് ലോറ നെറ്റ്‌വര്‍ക്ക്‌ എന്ന പേരിലുള്ള ഈ വൈഡ് ഏരിയാ വയര്‍ലെസ് പൊതുശൃംഖല പ്രാബല്യത്തില്‍ വരുന്നത്.

ഇന്ന് വൈകുന്നേരം മൂന്നിന് ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ് നെറ്റ്‌വര്‍ക്ക് ഉദ്ഘാടനം ചെയ്യും. ‘ദ തിങ്‌സ് നെറ്റ്‌വര്‍ക്ക് ‘ (ടിടിഎന്‍) എന്ന സംഘടനയുടെ തിരുവനന്തപുരം ശാഖയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ലോറ ശൃംഖലയെക്കുറിച്ചും അത് നല്‍കുന്ന അവസരങ്ങള്‍, സാധ്യതകള്‍ എന്നിവയെക്കുറിച്ചുമുള്ള സെമിനാറും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

ലോറ ശൃംഖലയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് സംവിധാനം, സ്മാര്‍ട്ട് വാട്ടര്‍ മീറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിശദീകരണവും ചടങ്ങിലുണ്ടായിരിക്കും.

ടെക്‌നോപാര്‍ക്കിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന ഈ ശൃംഖല ലോറ വാന്‍ എന്ന സാങ്കേതികവിദ്യയിലധിഷ്ഠിതമാണ്. പ്രവര്‍ത്തനത്തിന് വളരെകുറച്ച് ഊര്‍ജം മതി എന്നതാണ് ഇതിന്റെ പ്രത്യേകത. ഐഒടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഈ ശൃംഖലയിലെ സെന്‍സര്‍ നോഡുകള്‍ക്ക് വളരെ കുറഞ്ഞ ഊര്‍ജമുപയോഗിച്ച് പ്രവര്‍ത്തിക്കാനാവും. അതുകൊണ്ടുതന്നെ പത്തുവര്‍ഷത്തോളം ബാറ്ററി മാറ്റേണ്ടിവരില്ല. ശൃംഖലയ്ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന ലോറ ഗേറ്റ്വേകള്‍ സര്‍ക്കാര്‍ അനുവദനീയമായ സ്വതന്ത്ര റേഡിയോ ഫ്രീക്വന്‍സിയിലാണ് പ്രവര്‍ത്തിക്കുന്നത്. നൂതനമായ ‘ലോ റേഞ്ച്’ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോറാ വാന്‍ കമ്പ്യൂട്ടര്‍ പ്രോട്ടോക്കോള്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ശൃംഖല ഐസിഫോസിലെ ഓപ്പണ്‍ ഐഒടി ഗവേഷണ വിഭാഗമാണ് തയാറാക്കിയിരിക്കുന്നത്. ഒരു ഗേറ്റ്വേയ്ക്ക് കൂടുതല്‍ ദൂരപരിധി ലഭിക്കുമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത.

സൈനികാവശ്യങ്ങള്‍ക്കും ബഹിരാകാശത്തുമൊക്കെ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ ലോറ എന്ന പേരില്‍ ആദ്യമായാണ് വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. മൊബൈല്‍ ഫോണ്‍ ശൃംഖലയുടെ മൂന്നിരട്ടി പ്രയോജനമാണ് ലോറയിലൂടെ ലഭിക്കുക. വിവര വിനിമയത്തിനുള്ള ചെലവും കുറവാണ്, അതേസമയം കൂടുതല്‍ സുരക്ഷിതത്വവുമുണ്ട്.

യൂറോപ്യന്‍ നഗരമായ ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിടിഎന്‍ എന്ന സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ വികസന കൂട്ടായ്മയാണ് ഇതിനാവശ്യമായ നെറ്റ്വര്‍ക്ക് മാനേജ്‌മെന്റ് സോഫ്‌റ്റ്വെയര്‍ ഐസിഫോസിന് നല്‍കിയത്. ലോകത്തിലെ അഞ്ഞൂറോളം കമ്പനികള്‍ ചേര്‍ന്ന് രൂപം നല്‍കിയ സ്വതന്ത്ര ലോറ കൂട്ടായ്മയാണ് കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന വൈഡ് ഏരിയ ശൃംഖലകള്‍ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്.

Top