കേരളവും വർഗ്ഗീയതയുടെ കൂടാരം ? പാലക്കാട് നൽകുന്ന സന്ദേശം വ്യക്തം

ടുവിൽ കേരളത്തിലും, അതു സംഭവിക്കുകയാണ്… വർഗ്ഗീയ ശക്തികൾ സംഹാരതാണ്ഡവമാടുന്ന ഒരു കേരളമെന്നത്, കൈ എത്തും ദൂരത്താണ് നിലവിലുള്ളത്. ഇപ്പോൾ തന്നെ, വർഗ്ഗീയത… അതിന്റെ വിശ്വരൂപം കാണിച്ചു തുടങ്ങിയിട്ടുണ്ട്. പാലക്കാട്ട് നടന്ന അരുംകൊലകൾ അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. എസ്.ഡി.പി.ഐ – ആർ.എസ്.എസ് സംഘർഷത്തെ ഒരിക്കലും രാഷ്ട്രീയ സംഘർഷമായി വിലയിരുത്താൻ കഴിയുകയില്ല. ഇവിടെ മതവും അതിനപ്പുറവുമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്.

ആലപ്പുഴ ജില്ലയിലും, മലബാർ മേഖലയിലും ഉണ്ടായ സംഘർഷങ്ങളെ, പാലക്കാട്ടെ കൊലപാതകവുമായി നാം ചേർത്തു വായിക്കേണ്ടതുണ്ട്. ആർ.എസ്.എസ് – എസ്.ഡി.പി.ഐ നേതാക്കൾ പരസ്പരം കൊലവിളി നടത്തുമ്പോൾ, അരുംകൊലകൾ നടത്തിയാണ്, അനുയായികൾ പകരം വീട്ടികൊണ്ടിരിക്കുന്നത്.

പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണ് സമാന രീതിയിൽ പാലക്കാട്ടും ഇരട്ട കൊലപാതകങ്ങൾ അരങ്ങേറിയിരിക്കുന്നത്.ആർ.എസ്.എസുകാരന്റെ കൊലയ്ക്കു പകരം വീട്ടാൻ കൊലചെയ്യപ്പെട്ട സഹപ്രവർത്തകന്റെ വാഹനത്തിൽ എത്തിയവർ പ്രതികാരത്തിൽ പോലും വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത്.എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊലപാതകത്തിനു തൊട്ടു പിന്നാലെ മറ്റൊരു ആർ.എസ്.എസ് പ്രവർത്തകൻ കൂടി ഇപ്പോൾ കൊലപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അടുത്തത് എന്താണ് സംഭവിക്കുക എന്നതു സംബന്ധിച്ച് ആർക്കും ഒരു നിശ്ചയവും ഇല്ലന്നതാണ് യാഥാർത്ഥ്യം. പൊലീസ് സന്നാഹമൊക്കെ ഉണ്ടെങ്കിലും ഇപ്പോഴും… എന്തും സംഭവിക്കാം എന്നതു തന്നെയാണ് അവസ്ഥ. കൊല്ലാൻ ഏതെങ്കിലും വിഭാഗം തീരുമാനിച്ചാൽ അതു തടയുക എന്നത് പെലീസിനെ സംബന്ധിച്ചും പരിമിതികൾ ഏറെയാണ്. കർക്കശമായ നടപടിക്ക് കർക്കശമായ നിയമവും അനിവാര്യമാണ്. തീവ്രവാദ ശൈലിയിലുള്ള ആക്രമണങ്ങൾക്കെതിരെ ‘ടാഡ’ പോലുള്ള കർശന നിയമം അനിവാര്യമാണ്. കൊന്നവർ മാത്രമല്ല കൊല്ലിച്ചവരും ജയലിൽ അടക്കപ്പെടണം. അതല്ലങ്കിൽ, മുൻപ് ജയലളിത ഭരണകാലത്ത് ചെന്നൈയിൽ നടപ്പാക്കിയതു പോലുള്ള ‘എൻകൗണ്ടർ’ കേരളത്തിലും നടപ്പാക്കണം. കൊലയാളികൾക്ക് ഇത്തരം തിരിച്ചടി തന്നെയാണ് നൽകേണ്ടത്. അവിടെ മനുഷ്യാവകാശം പ്രസംഗിച്ചിട്ട് ഒരു കാര്യവുമില്ല. ആരെ കൊന്നാലും അധികം താമസിയാതെ പുറത്തിറങ്ങാം എന്നത് വീണ്ടും വീണ്ടും ആക്രമണം നടത്താൻ, ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നതാണ്. ഇതിനാണ് ആദ്യം റെഡ് സിഗ്നൽ ഉയർത്തേണ്ടത്. എങ്കിൽ മാത്രമേ ശാശ്വതമായ പരിഹാരം ഉണ്ടാകുകയൊള്ളൂ.

എസ്.ഡി.പി.ഐ പ്രവർത്തകന്റെ മൃതദേഹവുമായി നീങ്ങിയ സംഘം കാവിമുണ്ട് ധരിച്ച ഒരു ചെറുപ്പക്കാരനെ ലക്ഷ്യമിട്ട് പാഞ്ഞത് മതേതര കേരളത്തെ ഞെട്ടിച്ച സംഭവമാണ്. കാവിയുടുത്തവരും, കയ്യിൽ ചരടു കെട്ടുന്നവരും, നെറ്റിയിൽ കുറി തൊടുന്നവരുമൊക്കെ, ധാരാളം ഉള്ള നാടാണിത്. ഇവരിൽ ബഹുഭൂരിപക്ഷത്തിനും സംഘപരിവാറുമായി ബന്ധമില്ലന്നതാണ് യാഥാർത്ഥ്യം. എന്തിനേറെ ആർ.എസ്.എസിന്റെ പ്രഖ്യാപിത ശത്രുക്കളായ സി.പി.എം പ്രവർത്തകർ പോലും കാവിമുണ്ടുകൾ ധരിക്കാറുണ്ട് എന്നതും ഒരു വസ്തുതയാണ്.

ആർ.എസ്.എസ് എന്നാൽ ഒരിക്കലും ഹിന്ദുവല്ല അതു പോലെ തന്നെ എസ്.ഡി.പി.ഐ എന്നു പറഞ്ഞാൽ ഇസ്ലാമുമല്ല. ഈ രണ്ട് വിഭാഗവും അവരുടെ നേട്ടത്തിനായാണ് മതത്തെ ഉപയോഗപ്പെടുത്തുന്നത്.ഈ രണ്ടു സംഘടനകളെയും ഒരു പോലെ എതിർക്കുന്നത് കമ്യൂണിസ്റ്റുകൾ മാത്രമാണ്. ഇക്കാര്യത്തിൽ മൃദു സമീപനമാണ് യു.ഡി.എഫും പിന്തുടരുന്നത്. സംഘ പരിവാറിനെ പിണക്കാൻ കോൺഗ്രസ്സിലെ പ്രബല വിഭാഗം ഇപ്പോഴും തയ്യാറല്ല. അതു പോലെ തന്നെ എസ്.ഡി.പി.ഐ… മുസ്ലീംലീഗിനും തലവേദനയാണ്. സ്വന്തം താൽപ്പര്യം മുൻ നിർത്തി എസ്.ഡി.പി.ഐ യോടുമാത്രമല്ല ജമാ അത്തെ ഇസ്ലാമിയോടും, മുസ്ലീംലീഗ് പലവട്ടം സന്ധി ചെയ്തിട്ടുണ്ട്.

എസ്.ഡി.പി.ഐ നേതാക്കളുമായി മുൻപ് കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും രഹസ്യ ചർച്ച നടത്തിയതും രാഷ്ട്രീയ കേരളം കണ്ടതാണ്. ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായാണ് ലീഗ് നേതൃത്വം സഖ്യത്തിനു മുതിർന്നിരുന്നത്. ലീഗ് കോട്ടകളിൽ ഈ മതരാഷ്ട്രവാദികൾ ഉണ്ടാക്കിയ വിള്ളലുകളാണ് ഇവരുമായുള്ള സമവായത്തിന് ലീഗിനെയും പ്രേരിപ്പിച്ചിരുന്നത്. അതേസമയം തന്നെ, എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്ലാമിയെയും എതിർക്കുന്ന ഒരു വിഭാഗം ഇപ്പോഴും ലീഗിലുണ്ട് എന്നതും ഒരു വസ്തുത തന്നെയാണ്. മുസ്ലീം ലീഗിൻ്റെ വോട്ട് ബാങ്കിലാണ് എസ്.ഡി.പി.ഐ കടന്നു കയറാൻ ശ്രമിക്കുന്നത്.
”ഹൈന്ദവ ഭീകരതയെ ജീവൻ കൊടുത്തും ചെറുക്കാൻ തങ്ങളേ ഒള്ളൂ എന്നു സ്ഥാപിക്കാനാണ് ” എസ്.ഡി.പി.ഐ ശ്രമിക്കുന്നത്. സംഘ പരിവാറാകട്ടെ, ”ഇസ്ലാമിക ഭീകരത വിളയാടുന്ന മണ്ണാണ് ” ഇടതുപക്ഷം ഭരിക്കുന്ന കേരളമെന്ന് സ്ഥാപിക്കാനാണ്, ദേശീയ തലത്തിൽ ശ്രമിക്കുന്നത്. രണ്ടു വിഭാഗവും ലക്ഷ്യമിടുന്നത് ഒന്നു തന്നെയാണ്. സാമുദായിക ധ്രുവീകരണമാണ് ഇക്കൂട്ടരുടെ ലക്ഷ്യം.

ചെറുപ്പക്കാരായ പ്രവർത്തകരാൽ സമ്പന്നമാണ് എസ്.ഡി.പി.ഐ അവർക്ക് പോപ്പുലർ ഫ്രണ്ടിന്റെ കേഡർ സംവിധാനം കൂടി തണലാകുമ്പോൾ എന്തും ചെയ്യാം എന്ന അഹങ്കാരമാണുള്ളത്. എസ്.ഡി.പി.പ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ പകരം വീട്ടാൻ എത്തുന്നതും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ആർ.എസ്.എസിന്റെ ‘തണൽ,’ ബി.ജെ.പിക്ക് നൽകുന്ന ആത്മ വിശ്വാസത്തിനും മീതെയാണിത്…. സംഘ പരിവാറും… പോപ്പുലർ ഫ്രണ്ടും ഇങ്ങനെ കൊന്നു തീർക്കാൻ തുടങ്ങിയാൽ അത് കേരളത്തെ അപകടകരമായ അവസ്ഥയിലാണ് കൊണ്ടു ചെന്നെത്തിക്കുക. അക്കാര്യത്തിൽ ഒരു സംശയവുമില്ല. രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം നേതൃത്വങ്ങൾ ഇടപെട്ടാൽ സ്വിച്ച് ഇട്ടതു പോലെ നിൽക്കുന്നതാണ്. കണ്ണൂർ ഉൾപ്പെടെ അതിനു ഉദാഹരണവും നിരവധിയാണ്. എന്നാൽ, മതത്തിന്റെ നിറം ആക്രമണങ്ങൾക്ക് ചാർത്തി നൽകിയാൽ പിന്നെ… സകല നിയന്ത്രണങ്ങളും വിട്ടുപോകും. അത്തരം സാഹചര്യത്തിൽ ആർക്കും നിയന്ത്രിക്കാൻ കഴിഞ്ഞെന്നും വരില്ല. ദൗർഭാഗ്യകരമെന്നു പറയട്ടെ അത്തരമൊരു സാഹചര്യത്തിലേക്കാണ് കേരളം ഇപ്പോൾ നീങ്ങുന്നത്. ഇതിനെ ചെറുത്തു തോൽപ്പിച്ചേ മതിയാകൂ.

പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍, സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരമാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സുബൈറിന്റെ കൊലപാതകം. ഇതിനുള്ള കാരണമാകട്ടെ വ്യക്തവുമാണ്. സഞ്ജിത്തിന്റെ കാറില്‍ അക്രമികള്‍ എത്തിയതും, പൊലീസിനെ സംബന്ധിച്ച്, വലിയ തെളിവു തന്നെയാണ്. എന്നാല്‍, പാലക്കാട് നഗരത്തില്‍, ആര്‍എസ്എസു കാരനായ ശ്രീനിവാസനെ വെട്ടിക്കൊന്നത്, പെട്ടന്നുള്ള പ്രതികരണത്തിന്റെ ഭാഗം മാത്രമാണ്.എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ട ഒരു ആക്രമണ കേസിലും ശ്രീനിവാസ് പങ്കാളിയല്ലാത്തതിനാല്‍ എന്തിനാണ് അദ്ദേഹത്തെ കൊന്നതിനു കാരണം എന്നത് കോടതിയില്‍ തെളിയിക്കാന്‍ പൊലീസിനും ഇനി കഷ്ടപ്പെടേണ്ടി വരും. ഇക്കാര്യം നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എല്ലാ കൊലപാതകവും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍, ഒരു വ്യക്തിയെ പ്ലാന്‍ ചെയ്തു കൊല്ലുന്നതും പെട്ടന്നുള്ള വികാരത്തില്‍ കണ്ണിന്റെ മുന്നില്‍ കാണുന്നവനെ വെട്ടികൊല്ലുന്നതും രണ്ടായി തന്നെ വിലയിരുത്തേണ്ടതുണ്ട്. കാരണം… കിട്ടുന്നവനെ കൊല്ലുക എന്നത് കലാപകാരികളുടെ നിലപാടാണ്. അതിനെ ഒരിക്കലും രാഷ്ട്രീയ പക വീട്ടലായി കാണാന്‍ കഴിയുകയില്ല. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടാനാണ് ഇത്തരം ആക്രമണങ്ങള്‍ വഴി ഒരുക്കുക. അതും നാം ഓര്‍ക്കണം.വര്‍ഗ്ഗീയത… അത് … ഭൂരിപക്ഷത്തിന്റെത് ആയാലും, ന്യൂനപക്ഷത്തിന്റെത് ആയാലും, ഒരു പോലെ തന്നെയാണ്, എതിര്‍ക്കപ്പെടേണ്ടത്… അടിച്ചമര്‍ത്താന്‍ ഭരണകൂടവും തയ്യാറാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, നാട്ടില്‍ സമാധാനവും പുലരുകയൊള്ളു.

 

Top