വര്‍ഗീയ പരാമര്‍ശം; പാലാ ബിഷപ്പിനെതിരെ പരാതി നല്‍കി എസ്‌ഐഒ

തൃശൂര്‍: മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് കാണിച്ച് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പരാതി. ഡല്‍ഹി യൂണവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിയും എം.എസ്.എഫ് ഡല്‍ഹി സ്‌റ്റേറ്റ് വൈസ് പ്രസിഡന്റുമായ അഫ്‌സല്‍ യൂസഫാണ് തൃശൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കിയത്. നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ബിഷപ്പിനെതിരെ എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീനും നേരത്തെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.

മതസ്പര്‍ധ വളര്‍ത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ബിഷപ്പിനെതിരെ നടപടി വേണമെന്ന് എസ്‌ഐഒ പരാതിയില്‍ ആവശ്യപ്പെട്ടു. ലൗ ജിഹാദിനൊപ്പം നര്‍കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന ബിഷപ്പിന്റെ പരാമര്‍ശം വ്യത്യസ്ത മത സമുദായങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന് തുരങ്കം വയ്ക്കുന്നതാണെന്നും എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി പരാതിയില്‍ പറഞ്ഞു.

പാലാ ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരെ എസ്‌കെഎസ്എസ്എഫും ആരോപണമുന്നയിച്ചിരുന്നു. ബിഷപ് ഉന്നയിക്കുന്ന ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് എന്നിവയുടെ തെളിവുകള്‍ പുറത്ത് വിടണം. മുസ്ലിംങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിദ്വേഷ പ്രചരണം നടത്തുന്ന ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും എസ്‌കെഎസ്എസ്എഫ് പറഞ്ഞു.

നര്‍കോട്ടിക്, ലവ് ജിഹാദികള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നു എന്നായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തില്‍ പരാമര്‍ശിച്ചത്. ഈ ജിഹാദിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ബിഷപ് പറഞ്ഞു.

Top