പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എത്താനിരിക്കെ ഹരിയാനയില്‍ വര്‍ഗീയ സഘര്‍ഷം

 

 

ഹരിയാന: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യമുനാനഗറില്‍ എത്താനിരിക്കെ ഹരിയാനയിലെ യമുനാനഗറില്‍ വര്‍ഗീയ സംഘര്‍ഷം. കഴിഞ്ഞ ദിവസം രാത്രി വൈകി ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധമന്ത്രി എത്തുന്നത്.

യമുനാനഗറിലെ മാലിക്പൂര്‍ ഗ്രാമത്തില്‍ പൊതുപഞ്ചായത്ത് ഭൂമിയെച്ചൊല്ലി ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തിന്റെ പൊതുഭൂമിയില്‍ മുസ്ലീങ്ങള്‍ നമസ്‌കരിക്കുന്നതിനെക്കുറിച്ച് ഹിന്ദുക്കള്‍ ആശങ്ക ഉന്നയിച്ചതോടെയാണ് സംഘര്‍ഷ സാധ്യത ഉടലെടുത്തത്. വിവരമറിഞ്ഞ് പൊലീസ് ഇരുവിഭാഗങ്ങളോടും സമാധാനം പാലിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭൂമിയില്‍ മുസ്ലീം വിഭാഗം പ്രാര്‍ത്ഥന നടത്തുന്നതിനിടെ ഇതര സമുദായത്തില്‍പ്പെട്ട നാട്ടുകാര്‍ ഇത് തടഞ്ഞു. ഇതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായതെന്ന് യമുനാനഗര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) പര്‍മോദ് കുമാര്‍ പറഞ്ഞു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഇരു സമുദായങ്ങളെയും യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രി നാളെ യമുനാനഗറില്‍ എത്തുന്നത്. വ്യാഴാഴ്ച യമുനാനഗറില്‍ നടക്കുന്ന റാലിയെ രാജ്നാഥ് സിംഗ് അഭിസംബോധന ചെയ്ത് സംസാരിക്കും.

 

 

Top