കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ഇന്ന് സെമിഫൈനല്‍

ബെര്‍മിംഗ്ഹാം: പുരുഷ ഹോക്കിയില്‍ സെമി ഫൈനല്‍ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. രാത്രി പത്തരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. തോല്‍വി അറിയാതെ സെമിയില്‍ എത്തിയ ഇന്ത്യ നാല് കളിയില്‍ നേടിയത് 27 ഗോളാണ്. വഴങ്ങിയത് അഞ്ച് ഗോളും. മലയാളിതാരം പി ആര്‍ ശ്രീജേഷാണ് ഇന്ത്യയുടെ ഗോള്‍കീപ്പര്‍. ഘാനയെ എതിരില്ലാത്ത 11 ഗോളിനും കാനഡയെ എതിരില്ലാത്ത എട്ട് ഗോളിനും തോല്‍പിച്ച ഇന്ത്യ വെയ്ല്‍സിനെ ഒന്നിനെതിരെ നാല് ഗോളിനും തോല്‍പിച്ചു. ഇംഗ്ലണ്ടിനെതിരെ നാല് ഗോള്‍ വീതം നേടി സമനില പാലിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന വനിതാ ഹോക്കി സെമിഫൈനലില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഓസ്‌ട്രേലിയ ഷൂട്ടൗട്ടില്‍ ഇന്ത്യയെ തോല്‍പിച്ചു. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയ മൂന്ന് അവസരവും ഗോളാക്കിയപ്പോള്‍ ഇന്ത്യക്ക് ഒറ്റ പെനാല്‍റ്റിയും ലക്ഷ്യത്തില്‍ എത്തിക്കാനായില്ല. ഓസ്‌ട്രേലിയ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

Top