കോമൺവെൽത്ത് ​ഗെയിംസ്: ലോൺ ബോൾസിൽ ഇന്ത്യക്ക് സ്വർണം; ചരിത്ര നേട്ടം

ലോൺ ബോൾസിൽ ചരിത്രം കുറിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായി ഇന്ത്യ ഈയിനത്തിൽ മെഡൽ നേടിയിരിക്കുകയാണ്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ ഇന്ത്യൻ വനിതകൾ സ്വർണമെഡൽ നേട്ടവുമായാണ് ചരിത്രപുസ്തകത്തിൽ ഇടംനേടിയത്. 17-10 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ ജയം. ലോൺ ബോൽസിലെ സ്വർണത്തോടെ ഇന്ത്യയുടെ ആകെ സ്വർണനേട്ടം നാലായി.

ലോംഗ് ജമ്പിൽ മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ പ്രവേശിച്ചു. ആദ്യ ചാട്ടത്തിൽ തന്നെ 8.05 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനൽ ടിക്കറ്റെടുത്തത്. ഗ്രൂപ്പിൽ 8 മീറ്റർ മറികടക്കുന്ന ഒരേയൊരു താരമായിരുന്നു ശ്രീശങ്കർ. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് 23 വയസുകാരനായ മലയാളി താരം. മുഹമ്മദ് അനീസ് ആവട്ടെ, 7.68 മീറ്റർ മികച്ച ദൂരമായി ഫൈനൽ ബെർത്തുറപ്പിച്ചു. രണ്ടാം ശ്രമത്തിലാണ് അനീസ് ഈ ദൂരം കണ്ടെത്തിയത്. ആദ്യത്തെയും മൂന്നാമത്തെയും ശ്രമങ്ങളിൽ അനീസ് 7.49 മീറ്റർ ദൂരമാണ് ചാടിയത്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരനായിരുന്നു അനീസ്.

Top