കോമണ്‍വെല്‍ത്ത് ഗെയിംസ് ; പുരുഷ വിഭാഗം ഹോക്കിയില്‍ സമനിലയോടെ ഇന്ത്യ

hockey

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് സമനിലയോടെ തുടക്കം. പാക്കിസ്ഥാനെതിരെ 2 2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. മത്സരത്തിന്റെ നാലാം ക്വാര്‍ട്ടറിലെ അവസാന മിനിറ്റില്‍ പാക്കിസ്ഥാന് ലഭിച്ച പെനാല്‍റ്റി കോര്‍ണറാണ് ഇന്ത്യയുടെ വിജയം തട്ടിയകറ്റിയത്. മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ മികച്ച സേവുകളാണ് ഇന്ത്യയെ തോല്‍വിയില്‍ നിന്നും കരകയറ്റിയത്.

13ആം മിനിറ്റില്‍ ദില്‍പ്രീത് സിംഗിലൂടെ ഇന്ത്യയാണ് മത്സരത്തില്‍ ആദ്യം സ്‌കോര്‍ നേടിയത്. 19 മിനിറ്റില്‍ ഹര്‍മന്‍ പ്രീത് സിംഗലൂടെ ഇന്ത്യ ലീഡുയര്‍ത്തി. പാക്കിസ്ഥാനെതിരെ വിജയം ഏകദേശം ഉറപ്പിച്ച സമയത്തായിരുന്നു പാക്കിസ്ഥാന്‍ ഗോള്‍ തിരിച്ചടിച്ചത്. 38ആം മിനിറ്റില്‍ ഇര്‍ഫാന്‍ ജാറിലൂടെ പാക്കിസ്ഥാന്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. പാക്കിസ്ഥാന്‍ ഒരു ഗോള്‍ നേടിയതോടെ ഇന്ത്യ ഉണര്‍ന്നു കളിച്ചെങ്കിലും ഭാഗ്യം പാക്കിസ്ഥാനൊപ്പമായിരുന്നു. മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ അലി മുബാഷര്‍ നേടിയ ഗോളിലൂടെ പാക്കിസ്ഥാന്‍ സമനില പിടിക്കുകയായിരുന്നു.

Top