കോമൺവെൽത്ത് : വനിതാ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി; നീന്തലിൽ മലയാളി താരവും പുറത്തായി

കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ട ലക്ഷ്യമിട്ട് ഇന്ത്യൻ സംഘം. ബോക്‌സിംഗിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷ ശിവ് ഥാപ്പക്കായിരുന്നു ആദ്യ ജയം. ടേബിൾ ടെന്നീസിൽ വനിതാ ടീമും ജയം കരസ്ഥമാക്കിയപ്പോൾ വനിതാ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി.

ഇടിക്കൂട്ടിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്താണ് ശിവ് ഥാപ്പയുടെ പ്രകടനം. പാകിസ്താന്റെ സുലേമാൻ ബലോച്ചിനെ 5-0ത്തിന് ഏകപക്ഷീയമായിട്ടാണ് ഥാപ്പ പരാജയപ്പെടുത്തിയത്. ഥാപ്പയുടെ പരിചയ സമ്പത്തിന് മുന്നിൽ പൊരുതാൻ പോലുമാകാതെയാണ് പാക് താരം മുട്ടുകുത്തിയത്. ഏഷ്യൻ ഗെയിംസിൽ രണ്ട് തവണ വീതം വെള്ളിയും വെങ്കലവും നേടിയ ഥാപ്പ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്.

നീന്തലിൽ 50 മീറ്റർ ബട്ടർഫ്‌ലൈ സ്‌ട്രോക്കിന് ഇറങ്ങിയ മലയാളി താരം സാജൻ പ്രകാശ് ഫൈനൽ കാണാതെ പുറത്തായി. ഹീറ്റ്‌സിൽ 24-ാം സ്ഥാനത്താണ് സാജൻ ഫിനിഷ് ചെയ്തത്.

അതേസമയം പുരുഷന്മാരുടെ 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമിഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനും കനത്ത തിരിച്ചടി. എഡ്ജ്ബാസ്റ്റണിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത് 3 വിക്കറ്റിന്.

Top