പിജി ഡോക്ടര്‍മാരുടെ ജോലിഭാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ ജോലിഭാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. റസിഡന്‍സി മാനുവല്‍ അനുസരിച്ചാണോ ജോലി ക്രമീകരണം എന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പിജിക്കാരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

സ്‌റ്റൈപ്പന്‍ഡ് വര്‍ധനയ്ക്ക് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ധനകാര്യവകുപ്പിന് ഫയല്‍ അയച്ചിട്ടുണ്ട്. ധനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ വര്‍ദ്ധിപ്പിക്കാം എന്നാണ് മന്ത്രി അറിയിച്ചത്. ഇക്കാര്യം സമരക്കാരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജോലി ഭാരം കുറയ്ക്കണം എന്നാണ് സമരക്കാരുടെ മറ്റൊരു ആവശ്യം. ഇതിനായി സമിതിയെ നിയോഗിക്കും. 307 നോണ്‍ അക്കാദമിക്ക് റസിഡന്‍സി ഡോക്ടര്‍മാരെ ഇതിനകം നിയമിച്ചിട്ടുണ്ട്. കൂടുതല്‍ സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാനുള്ള പരിമിതി സമരക്കാരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാലത്ത് മികച്ച സേവനമാണ് പിജി ഡോക്ടര്‍സ് നല്‍കിയത്. അവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. സമരം അവസാനിപ്പിക്കണം എന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചുവെന്നും കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാം എന്നാണ് സമരക്കാര്‍ അറിയിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആശുപത്രികളില്‍ എത്തുന്ന സാധാരണകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത്. ചെയ്യാനാകുന്ന കാര്യങ്ങള്‍ ഒക്കെ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

Top