‘സമാധാനത്തേക്കാള്‍ വലുത് ആത്മാഭിമാനം’ മന്‍കി ബാത്തില്‍ പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: സമാധാനം പുലര്‍ത്തുന്നത് ഉത്തരവാദിത്വം, പക്ഷേ അത് ആത്മാഭിമാനം പണയം വച്ചു കൊണ്ടായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ഷികാഘോഷം പരാക്രമം പര്‍വ് എന്ന പേരില്‍ ആഘോഷിച്ചതിന് തൊട്ടു പിന്നാലെയാണ്‌ പ്രധാനമന്ത്രിയുടെ പ്രസ്താവന. രാജ്യ സുരക്ഷയില്‍ സൈന്യത്തിന്റെ ത്യാഗങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.

യുവാക്കള്‍ ഇന്ത്യന്‍ സൈനികരുടെ ത്യാഗ നിര്‍ഭരമായ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കണം. ഐക്യവും അഖണ്ഡതയും നിലനിര്‍ത്തിപ്പോന്ന രാജ്യ പാരമ്പര്യത്തെയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് കാണിച്ചു തന്നത്. യോദ്ധാക്കളുടെ ഭൂമിയാണ് ഇന്ത്യ. ഇവ പുതിയ തലമുറ മനസ്സിലാക്കണമെന്നും നരേന്ദ്രമോദി പ്രസംഗത്തില്‍ പറഞ്ഞു.

സമാധാനത്തില്‍ താന്‍ ഉറച്ചു വിശ്വസിക്കുന്നു എന്നും, എന്നാല്‍ ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന എല്ലാത്തിനെതിരെയും പ്രതികരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ട് ലോകമഹായുദ്ധങ്ങളിലും ഇന്ത്യന്‍ സൈന്യം നടത്തിയ ഇടപെടലുകള്‍ നിര്‍ണ്ണായകമായിരുന്നു എന്നും. രാജ്യം എന്നും സമാധാനം കാംക്ഷിക്കുന്നവരാണ് എന്നതിന്റെ തെളിവാണ് അതെന്നും മോദി ഓര്‍മ്മിപ്പിച്ചു.

ഇസ്രായേലിലെ ഹൈഫ യുദ്ധത്തില്‍ പങ്കെടുത്ത മൈസൂര്‍, ഹൈദരാബാദ്, ജോധ്പൂര്‍ പട്ടാളക്കാരെ മോദി പ്രത്യേകം അനുസ്മരിച്ചു. 23-ാം തീയതി ഹൈഫ യുദ്ധത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചിരുന്നു.

ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൗത്യ സംഘത്തില്‍ ഇന്ത്യ നിര്‍ണ്ണായക ഘടകമാണെന്നും ലോക സമാധാന സംരക്ഷണത്തില്‍ നമ്മുടെ പട്ടാളക്കാരുടെ സംഭാവന വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാക്കിസ്ഥാനെതിരെ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിക്കഴിഞ്ഞു എന്ന സൂചനകള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും സൈനിക മേധാവിയും നല്‍കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും ആത്മാഭിമാന സംരക്ഷണ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്. വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും ഇന്നലെ യുഎന്‍ വേദിയില്‍ ഇന്ത്യ ഏറ്റവും വെല്ലുവിളി നേരിടുന്നത്‌ അയലത്തു നിന്നാണെന്ന് പാക്കിസ്ഥാനെതിരെ പരാമര്‍ശം നടത്തിയിരുന്നു.

അതിര്‍ത്തിയില്‍ ഇന്നും ഭീകരാക്രമണമുണ്ടായിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി 2016ന് സമാനമായ സംഭവങ്ങള്‍ കൊണ്ട് കലുഷിതമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്.

Top