ഫാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സമിതിയുടെ യോഗം ഇന്ന് ചേരും

കൊച്ചി : മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നിര്‍ണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ഇന്ന് ചേരും. ഉടമസ്ഥാവകാശ രേഖ ഹാജരാക്കാത്ത ഫ്‌ലാറ്റ് ഉടമകള്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ സമിതി ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്.

സ്ഥലത്തിനും കെട്ടിടത്തിനുമായി ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക് നല്‍കിയ യഥാര്‍ത്ഥ തുക ഉള്‍ക്കൊള്ളിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും സമിതി ഫ്‌ലാറ്റ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരസഭ പ്രമാണങ്ങള്‍ പരിശോധിച്ചു ഇടക്കാല റിപ്പോര്‍ട്ട് സമിതിക്ക് കൈമാറും.

ഒക്ടോബര്‍ പത്തിനാണ് മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആര്‍എയിലെ എന്‍ജിനിയര്‍ ആര്‍ മുരുകേശന്‍ എന്നിവരടങ്ങിയ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ ആദ്യ യോഗം കൊച്ചിയില്‍ നടന്നത്. മരട് നഗരസഭ സര്‍ക്കാരിന് സമര്‍പ്പിച്ച ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ യോഗ്യത ഉള്ളവരുടെ പട്ടിക സമിതി പരിശോധിച്ചിരുന്നു. ഇതുപ്രകാരം ഇതുവരെ 241 പേരാണ് മുഴുവന്‍ രേഖകളും കൈമാറിയിട്ടുള്ളത്. 54 ഫ്‌ലാറ്റുകള്‍ നിര്‍മ്മാതാക്കളുടെ പേരില്‍ തന്നെയാണുള്ളത്.

അതേസമയം, ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായുള്ള പരിസരവാസികളുടെ യോഗം ഇന്ന് ചേരില്ല. ഇന്നലെ വിളിച്ച യോഗത്തില്‍ നാട്ടുകാരുടെ ബഹളം ഉണ്ടായിരുന്നു.

ഇതിനിടെ പൊളിക്കാനുള്ള ഫ്‌ളാറ്റുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് 100 കോടി രൂപയുടേ ഇന്‍ഷുറന്‍സ് പരിരക്ഷ ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ട്. പൊളിക്കുന്ന കമ്പനികളില്‍ നിന്ന് തുക ഈടാക്കാന്‍ ആണ് തീരുമാനം.

ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കയകറ്റാന്‍ വിളിച്ച യോഗത്തിന്റേതാണ് തീരുമാനം. ഫ്ലാറ്റുകള്‍ എങ്ങനെ പൊളിക്കും എന്നും. എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കും എന്നും സബ് കലക്ടര്‍ യോഗത്തില്‍ വിവരിച്ചു.

എം.എല്‍.എ എം സ്വരാജും നഗര സഭ ജനപ്രധിനിധികളും യോഗത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിക്കുന്നതിനാല്‍ എം.എല്‍.എ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി സബ് കലക്ടര്‍ യോഗത്തില്‍ നിന്ന് ആദ്യം വിട്ടു നിന്നു.
പിന്നീട് നാട്ടുകാരുടെ പ്രധിഷേധത്തെ തുടര്‍ന്ന് യോഗസ്ഥലത്തെത്തുകയായിരുന്നു.

Top