Commissioner and ast.commandant fight; Commissioner ordered to shoot

തൃശ്ശൂര്‍: സിറ്റി പൊലീസ് കമ്മീഷണറും എ.ആര്‍ ക്യാംപിലെ അസി.കമാണ്ടന്റും തമ്മില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് ഉന്നതതല അന്വേഷണം തുടങ്ങി.

ഡിവൈഎസ്പിമാര്‍ക്ക് അനുവദിച്ച പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട സിറ്റി പൊലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥിന്റെ നടപടി എ.ആര്‍ ക്യാംപിലെ അസി.കമാണ്ടന്റ് ചോദ്യം ചെയ്തതാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ക്ക് കാരണമായത്.

ഓണക്കാലത്തെ ഗാതഗത നിയന്ത്രണത്തിന് ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്തതിനാല്‍ പേഴ്‌സണല്‍ സെക്യൂരിറ്റിയെ അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കമ്മീഷണര്‍. എന്നാല്‍ അസി.കമാണ്ടന്റാകട്ടെ കാലങ്ങളായി അനുവദിച്ച സെക്യൂരിറ്റി ഓഫീസറെ പിന്‍വലിക്കാന്‍ പറ്റില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നു. ഇതോടെ പരസ്പരം വാഗ്വാദമായി. രോഷാകുലനായി എണീറ്റ കമ്മീഷണറെ അസി.കമാണ്ടന്റ് തള്ളിയതോടെ ഗണ്‍മാനോട് ഷൂട്ട് എന്ന് പറഞ്ഞ് കമ്മീഷണര്‍ ആക്രോശിക്കുകയായിരുന്നുവത്രെ.

രംഗം പന്തിയല്ലെന്ന് കണ്ട് കൂടെ ഉണ്ടായിരുന്ന എ.ആര്‍ ക്യാംപിലെ എഎസ്‌ഐയെയും കൂട്ടി അസി.കമാണ്ടന്റ് കുര്യച്ചന്‍ പുറത്ത് കടക്കുകയായിരുന്നു.

പേടിച്ച് വിറച്ച കുര്യച്ചന് ബോധക്ഷയമുണ്ടായതിനെ തുടര്‍ന്ന് ആദ്യം ജനറല്‍ ഹോസ്പിറ്റലിലും പിന്നീട് അശ്വനി ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയായിരുന്നു.

അസി.കമാണ്ടന്റ് തള്ളിയതിനെ തുടര്‍ന്ന് സിറ്റിയിലെ പൊലീസിനെ കമ്മീഷണര്‍ വിളിച്ച് വരുത്തിയിരുന്നു.

തൃശ്ശൂര്‍-സിറ്റി,റൂറല്‍ പൊലീസ് ജില്ലകള്‍ക്കായി ആകെ ഒരു എ.ആര്‍ ക്യാംപ് ആണ് ഉള്ളത്. ആഘോഷങ്ങളുടെ നാടായ ഇവിടെ ആവശ്യത്തിന് പൊലീസിനെ ക്രമസമാധാന രംഗത്തും ട്രാഫിക് ഡ്യൂട്ടിക്കും നിയോഗിക്കാന്‍ പറ്റാത്ത സാഹചര്യമുള്ളതിനാലാണ് കമ്മീഷണര്‍ ഡിവൈഎസ്പിമാര്‍ക്ക് അനുവദിച്ച പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.

കമ്മീഷണറുടെ ഉത്തരവ് പാലിക്കാന്‍ ബാധ്യതപ്പെട്ട അസി.കമാണ്ടന്റ് അതിന് തയ്യാറാവാതെയിരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ലഭിക്കുന്ന സൂചന.

എറണാകുളം ജില്ലക്ക് കളമശ്ശേരിയിലും മറൈന്‍ഡ്രൈവിലും രണ്ട് എ.ആര്‍ ക്യാംപുകള്‍ ഉണ്ട്. ഇതേ മാതൃകയില്‍ തൃശ്ശൂരിലും രണ്ട് എ.ആര്‍ ക്യാംപുകള്‍ അനുവദിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നുവെങ്കിലും അധികൃതര്‍ കണ്ട ഭാവം നടിച്ചിരുന്നില്ല. പൊതുവെ കര്‍ക്കശക്കാരനായ ആന്ധ്രയിലെ തിരുപ്പതി സ്വദേശിയായ ഹിമേന്ദ്രനാഥ് ഡോക്ടര്‍ ബിരുദം സ്വന്തമാക്കിയതിന് ശേഷമാണ് കാക്കി യൂണിഫോം അണിഞ്ഞത്.

കാസര്‍കോഡ് എഎസ്പിയായിരിക്കെ ഈ യുവ ഐപിഎസുകാരന്‍ രണ്ട് മാസം കൊണ്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് പിഴയായി അടപ്പിച്ചത് രണ്ട് കോടി രൂപയായിരുന്നു. കള്ളക്കടത്തുകാരുടെ പേടിസ്വപ്നമായി മാറിയ ഹിമേന്ദ്രനാഥിനെതിരെ വധശ്രമം ഉണ്ടായതിനെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിപ്പര്‍ ലോറി കയറ്റി കൊല്ലാന്‍ ശ്രമിച്ച സംഘത്തെ വെടിവെച്ചാണ് അന്ന് ഹിമേന്ദ്രനാഥ് തുരത്തിയത്.

കോഴി, മണല്‍, കഞ്ചാവ്, മദ്യം, മരം, പാഴ്‌സല്‍ കള്ളക്കടത്തുകള്‍ പിടികൂടിയത് വഴിയാണ് കോടികള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് പിഴയൊടുപ്പിക്കാന്‍ കഴിഞ്ഞിരുന്നത്. പുലര്‍ച്ചെ വേഷം മാറിച്ചെന്നാണ് കോഴിക്കള്ളക്കടത്ത് സംഘത്തെ എഎസ്പി പിടികൂടിയിരുന്നത്.

Top