commission to study religious polarisation disbanded in Gujarath

അഹ്മദാബാദ്: ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ മതധ്രുവീകരണം വ്യാപകമാണെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനെ പിരിച്ചുവിട്ടു. ആറു വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരാജയപ്പെട്ടതാണ് പിരിച്ചുവിടാന്‍ കാരണം. 2009 ജൂലൈ മൂന്നിനാണ് റിട്ട. ജസ്റ്റിസ് ബി.ജെ. സേത്‌നയെ അന്വേഷണത്തിന് നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2011 ജനുവരി 31ന് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന് നാലുതവണ കാലാവധി നീട്ടിനല്‍കിയിരുന്നു. ഒടുവില്‍ കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് പിരിച്ചുവിട്ടത്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം സര്‍ക്കാര്‍ നല്‍കിയില്ലെന്നാണ് കമ്മീഷന്റെ ആരോപണം. വസ്തുതകള്‍ മറച്ചുവെക്കാന്‍ ഭരണകക്ഷിയായ ബി.ജെ.പി മനപ്പൂര്‍വം കാര്യങ്ങള്‍ നീട്ടിയതാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു. കമ്മീഷന്റെ കാലാവധി നീട്ടാനുള്ള അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതായി കമീഷന്‍ ആക്ടിങ് സെക്രട്ടറി കെ.എം. ഭവ്‌സര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയിരുന്നതായും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍സമയം വേണ്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ബി.ജെ. സേത്‌ന വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. അതേസമയം, ബി.ജെ.പി സര്‍ക്കാറിന് ക്‌ളീന്‍ ചിറ്റ് നല്‍കാന്‍ സേത്‌ന കമീഷന്‍ മനപ്പൂര്‍വം അന്വേഷണം വൈകിച്ചതാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ധോഷി പറഞ്ഞു.

Top