വാണിജ്യാടിസ്ഥാനത്തിൽ സൂപ്പര്‍ സോണിക് വിമാനയാത്ര; നാസയുടെ ‘എക്‌സ്-59’ ഇന്ന് പുറത്തിറക്കും

വാണിജ്യാടിസ്ഥാനത്തിലുള്ള സൂപ്പര്‍ സോണിക് വിമാനയാത്ര സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്വസ്റ്റ് (Quiet SuperSonic Technology) ദൗത്യത്തിന്റെ ഭാഗമായി വികസിപ്പിച്ച എക്‌സ്-59 സൂപ്പര്‍സോണിക് വിമാനം ഇന്ന് വൈകീട്ട് നാല് മണിക്ക് അവതരിപ്പിക്കും. നാസ+, നാസ ടെലിവിഷന്‍, നാസയുടെ യൂട്യൂബ് ചാനല്‍, വെബ്‌സൈറ്റ് എന്നിവയില്‍ തത്സമയം സംപ്രേഷണം ചെയ്യും.

കാലിഫോര്‍ണിയയിലെ പാംഡേലില്‍ ലോഖീദ് മാര്‍ട്ടിന്‍ സ്‌കങ്ക് വര്‍ക്ക്‌സ് ആണ് പരിപാടി സംഘടിപ്പിക്കുക. ഇവിടെ വെച്ച് എക്‌സ് 59 വിമാനം ജനങ്ങള്‍ക്ക് മുന്നില്‍ ആദ്യമായി അവതരിപ്പിക്കും. നാസയുടെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പാം മെല്‍റോയ്, അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ജെയിംസ് ഫ്രീ, നാസ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള ബോബം പിയേഴ്‌സ്, സ്‌കങ്ക് വൈസ് വര്‍ക്‌സ് പ്രസിഡന്റും ജനറല്‍ മാനേജറുമായ ജോണ്‍ ക്ലാര്‍ക്ക്, ലോഖീദ് മാര്‍ട്ടിന്‍ എയറോനോട്ടിക്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഗ്രെഗ് ഉല്‍മെര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

മാധ്യമപ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാനാവും. പരിപാടിയ്ക്ക് ശേഷം 6.30 ന് മാധ്യമപ്രവര്‍ത്തകരുമായുള്ള ടെലി കോണ്‍ഫറന്‍സ് നടക്കും. വലിയ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് നാസ.

എക്‌സ്-59 ന്റെ കന്നിയാത്രയ്ക്ക് വെര്‍ച്വല്‍ ബോര്‍ഡിങ് പാസുകള്‍ക്കായി ജനങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവരുടെ ബോര്‍ഡിങ് പാസുകള്‍ ഡിജിറ്റൈസ് ചെയ്ത് ഒരു സ്റ്റോറേജ് ഡിവൈസിലാക്കി എക്‌സ്-59 പൈലറ്റ് യാത്രയില്‍ കയ്യില്‍ കരുതും. യാത്രക്കാര്‍ക്കും അവരുടെ ബോര്‍ഡിങ് പാസുകള്‍ പ്രിന്റ് ചെയ്‌തെടുക്കാം.

സാധാരണ സൂപ്പര്‍സോണിക് വിമാനങ്ങള്‍ക്കുള്ളത് പോലെയുള്ള വലിയ ഹുങ്കാര ശബ്ദം ഇല്ലാത്ത ശബ്ദമില്ലാതെ ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനാകും വിധമാണ് എക്സ്-59 വിമാനം ഒരുക്കിയിരിക്കുന്നത്. വലിയ ശബ്ദത്തെ തുടര്‍ന്ന് 1973 ല്‍ സൂപ്പര്‍സോണിക് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പരീക്ഷണം വിജയമാവുകയും നിരോധനം നീങ്ങുകയും ചെയ്താല്‍ അത് അത് ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും. വ്യോമയാനത്തിന്റെ പുതുയുഗത്തിന്റെ തുടക്കമാവും അത്. വിമാനയാത്രികര്‍ക്ക് സൂപ്പര്‍സോണിക് വിമാനത്തില്‍ യാത്ര ചെയ്യാനാവും.

75 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാലിഫോര്‍ണിയയിലെ മരുഭൂമിയ്ക്ക് മുകളിലൂടെ ആദ്യ സൂപ്പര്‍സോണിക് വിമാനം പറന്നത്. 1947 ഒക്ടോബര്‍ 14 നായിരുന്നു അത്. അന്നത്തെ നാഷണല്‍ അഡൈ്വസറി കമ്മറ്റി ഫോര്‍ എയറോനോട്ടിക്സിലേയും (എന്‍എസിഎ), എയര്‍ഫോഴ്സിലെയും പുതിയതായി രൂപം നല്‍കിയ എക്സ്-1 സംഘമാണ് ശബ്ദവേഗത്തെ മറികടന്ന് അക്കാലത്ത് അപ്രാപ്യമെന്ന് കരുതിയ നേട്ടം കൈവരിച്ചത്.

Top