വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുത്തനെ കൂട്ടി; വര്‍ധിപ്പിച്ചത് 106 രൂപ

കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്.

വില കൂട്ടിയതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

ഫെബ്രുവരി ആദ്യ വാരം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. കൊച്ചിയില്‍ 101 രൂപയാണ് ഫെബ്രുവരി ഒന്നിന് കുറഞ്ഞത്. എന്നാല്‍ ഒരു മാസം പിന്നിട്ടപ്പോള്‍ 106 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഈ വര്‍ധനയോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,012 രൂപയാകും. അതേസമയം അഞ്ച് കിലോ സിലിണ്ടറിന് 27 രൂപ വര്‍ധിച്ചു. ഡല്‍ഹിയില്‍ അഞ്ച് കിലോ സിലിണ്ടറിന് 569 രൂപയാണ് വില. കൊല്‍ക്കത്തയില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 105 രൂപ വര്‍ധിച്ച് 2,089 രൂപയായി. മുംബൈയില്‍ വാണിജ്യ വാതകത്തിന് 105 രൂപ കൂടി 1,962 രൂപയാകും.

ചെന്നൈയില്‍ 105 രൂപ വര്‍ധിച്ച് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 2,185.5 രൂപയായി.

 

Top